/indian-express-malayalam/media/media_files/uploads/2017/09/elephant-died@thalayar.jpg)
തൊടുപുഴ: മൂന്നാറില്‍ കാട്ടാനകള്‍ക്കു മരണമണി. കഴിഞ്ഞ 35 ദിവസത്തിനുള്ളില്‍ 5 കാട്ടാനകളാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി ചരിഞ്ഞത്. ജൂലൈ 25 നായിരുന്നു മൂന്നാറില്‍ ആദ്യത്തെ കാട്ടാന ചരിഞ്ഞത്. ചെണ്ടുവരയിലുള്ള കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ ഫാക്ടറിക്കുള്ളില്‍ കയറിയ ചില്ലിക്കൊമ്പനെന്ന കാട്ടാനയെ തൊഴിലാളികള്‍ മണ്ണു മാന്തിയന്ത്രത്തിന്റെ സഹായത്തോടെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരുക്കേറ്റ ആനയെ പിറ്റേന്നു ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
/indian-express-malayalam/media/media_files/uploads/2017/09/elephant-died-@chenduvara.jpg)
സംഭവവുമായി ബന്ധപ്പെട്ട് ജെസിബി ഡ്രൈവര്‍ക്കും ഉടമയ്ക്കും കരാറുകാരനുമെതിരേ വനംവകുപ്പ് കേസെടുത്തിരുന്നു. ഓഗസ്റ്റ് അഞ്ചിനായിരുന്നു മറ്റൊരു പിടിയാനയെ മൂന്നാറിലെ തലയാര്‍ എസ്റ്റേറ്റിനുള്ളില്‍ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. പാറയില്‍ തെന്നിവീണാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയെ ഓടിച്ചുവിടുന്നതിനിടെയാണ് ആന ചരിഞ്ഞതെന്നും സംഭവ സമയത്ത് ആരോപണങ്ങളുയര്‍ന്നു.
/indian-express-malayalam/media/media_files/uploads/2017/09/elephant-died-@thachankari-estate.jpg)
ഓഗസ്റ്റ് 11-നാണ് മറ്റൊരു പിടിയാന എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിയുടെ സഹോദരന്‍ ടിസന്‍ ജെ.തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള ഗേറ്റില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞതെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ്‌റ്റേറ്റ് മാനേജര്‍ ഷിജോ, ഉടമ ടിസന്‍ തച്ചങ്കരി എന്നിവര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് ടിസന്‍ ജെ. തച്ചങ്കരി. ദേവികുളം റേഞ്ച് ഓഫീസര്‍ക്കു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാതെ തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടുകയാണ് ഇയാള്‍ ചെയ്തത്. നിബന്ധനകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഏഴുദിവസത്തിനകം ദേവികുളം റേഞ്ച് ഓഫീസര്‍ക്കു മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിരുന്നു.
/indian-express-malayalam/media/media_files/uploads/2017/09/wild-elephant-died-at-Adimali-2.jpg)
ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു കാട്ടാനയ്ക്കു ദാരുണാന്ത്യമുണ്ടായതെന്ന് കരുതുന്നു. ഓഗസ്റ്റ് 22 ന് അടിമാലി റേഞ്ചിനു കീഴിലുള്ള നെല്ലാപ്പാറയിലാണ് സംഭവം. കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ക്കാന്‍ ശ്രമിക്കുന്നതിടെ അടിയില്‍പ്പെട്ടാണ് മോഴയാന ചരിഞ്ഞതെന്ന് വിലയിരുന്നു.
/indian-express-malayalam/media/media_files/uploads/2017/09/wild-elephant-died-near-chokkanadu-estate.jpg)
ഏറ്റവും ഒടുവിലായാണ് ഓഗസ്റ്റ് 31 ന്- കെ ഡിഎച്ച്പി.ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ പതിനാലാം നമ്പര്‍ഫീല്‍ഡിനോടു ചേര്‍ന്നുള്ള ഗ്രാന്റീസ് തോട്ടത്തിനുള്ളില്‍ രണ്ടു ദിവസം പഴക്കമുള്ള ഗര്‍ഭിണിയായ പിടിയാനയുടെ ജഡം കണ്ടെത്തിയത്. സമീപത്തെ തേയില തോട്ടത്തില്‍ കൊളുന്ത് എടുക്കാനെത്തിയ തൊഴിലാളികളാണ് ആനയുടെ ജഡം കണ്ടത്. ചരിഞ്ഞ ആന പൂർണ ഗര്‍ഭിണിയാണെന്നും ഇതു സംബന്ധിച്ചുള്ള അസ്വസ്ഥതകകള്‍ മൂലമാകാം മരണം സംഭവിച്ചതെന്നുമാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ ആന ചരിഞ്ഞതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാവുകയുള്ളൂവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതിനിടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാന ശല്യം രൂക്ഷായി തുടരുകയാണ്. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചിന്നക്കനാല്‍, സിങ്കുകണ്ടം, ആനയിറങ്കല്‍, മാട്ടുപ്പെട്ടി, കുണ്ടള സാന്‍ഡോസ്, അരുവിക്കാട് എന്നിവയാണ് കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശങ്ങള്‍. ആനയിറങ്കല്‍ മേഖലയില്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ കുങ്കി ആനകളുടെ സഹായത്തോടെ പിടികൂടാന്‍ കഴിഞ്ഞ മാസം വനംവകുപ്പ് ശ്രമിച്ചെങ്കിലും മയക്കുവെടിയേറ്റ കൊമ്പന്‍ മയങ്ങാതിരുന്നതിനെത്തുടര്‍ന്നു ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസവും ആനയിറങ്കല്‍ മേഖലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന കൃഷി നശിപ്പിക്കുകയും ഭീതി വിതയ്ക്കുകയും ചെയ്തിരുന്നു.
/indian-express-malayalam/media/media_files/uploads/2017/09/elephant-attack-auto.jpg)
ഇതിനിടെ കാട്ടാന ഓട്ടോ അടിച്ചു തകര്‍ത്തെങ്കിലും നാലു യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓഗസ്റ്റ് 22-ന് കെ. ഡി.എച്ച്.പി.കമ്പനി കടലാര്‍ ഫാക്ടറി ഡിവിഷനിലായിരുന്നു സംഭവം. എന്‍.അജിത് (22), സി.എബി (22), എം.ഗൗതം (22) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പ്രവീണ്‍ എന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാര്‍ ടൗണിലെ ടാക്‌സി ഡ്രൈവര്‍മാരും അയല്‍വാസികളുമായ യുവാക്കള്‍ ഓട്ടം കഴിഞ്ഞു തിരികെയെത്തി ഗൗതമിന്റെ ഓട്ടോ വീടിനു മുന്‍പില്‍ നിര്‍ത്തി. ആദ്യം പുറത്തിറങ്ങിയ പ്രവീണ്‍ കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെട്ടു. മറ്റുള്ളവര്‍ ഓട്ടോയില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പ് ആന കൊമ്പുകൊണ്ട് ഓട്ടോ പൊക്കി ദൂരേക്ക് എറിയുകയായിരുന്നു. ബഹളം കേട്ട് എത്തിയവരാണ് ആനയെ ഓടിച്ച ശേഷം ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ആന രണ്ട് ഓട്ടോകളും അടിച്ചു തകര്‍ത്തു. ഇതിനു ശേഷം നാട്ടുകാര്‍ ഇവിടെ നിന്നും ഓടിച്ച ആന പിന്നീട് ഈസ്റ്റ് ഡിവിഷനില്‍ ലയങ്ങള്‍ക്കു മുന്‍പില്‍ പാര്‍ക്കു ചെയ്തിരുന്ന മനോജ് എന്നയാളിന്റെ ഓട്ടോയും അടിച്ചു തകര്‍ത്തു. മൂന്നു മാസം മുമ്പും മനോജിന്റെ ഓട്ടോ കാട്ടാന അടിച്ചു തകര്‍ത്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.