തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ആനയറ സ്വദേശികളായ രണ്ടു പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഓരോ ആള്‍ക്ക് വീതവുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരിൽ നാലു പേരുടെ സാമ്പിളുകള്‍ രണ്ട് സ്വകാര്യ ആശുപത്രികളിൽനിന്ന് അയച്ചതാണ്. ഒരെണ്ണം സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ എട്ടു കേസുകളാണുള്ളത്. അതില്‍ മൂന്നു പേര് ഗര്‍ഭിണികളാണ്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. സിക്ക വൈറസ് പരിശോധനകള്‍ വര്‍ധിപ്പിക്കും. മൈക്രോ പ്ലാന്‍ തയാാറാക്കിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്.
സിക്ക വൈറസിനെതിരെ തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് തദ്ദേശഭരണ, ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ നിര്‍ദേശം നൽകി. സിക്ക വൈറസ് പ്രതിരോധത്തിന് ഇരു വകുപ്പുകളും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രിമാരായ എം.വി. ഗോവിന്ദന്, വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗത്തില്‍ തീരുമാനമായി.
സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരു വകുപ്പുകളുടെയും യോഗം വിളിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്താണ് രോഗം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും എല്ലാ ജില്ലകളും ജാഗ്രത പാലിക്കേണ്ടതാണ്. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ഫോഗിങ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. ഇതിനുള്ള മരുന്നുകള്‍ ആശുപത്രികള്‍ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും.
തദ്ദേശഭരണ വകുപ്പ് നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരികയാണെന്ന് മന്ത്രി എംവി ഗോവിന്ദന് പറഞ്ഞു. പുതിയ സാഹചര്യം നേരിടാന്‍ തദ്ദേശ സ്ഥാനങ്ങളെ സജ്ജമാക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്കുമെന്നു മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വിദ്യാര്‍ത്ഥികളിലൂടെയും അവബോധം ശക്തമാക്കാനും യോഗം നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ പഠത്തിന്റെ ഭാഗമായി തന്നെ ബോധവത്കരണം വീടുകളിലെത്തിച്ചാല്‍ വലിയ ഗുണം ലഭിക്കും. കുടുംബശ്രീ വഴിയും ബോധവത്കരണം ശക്തമാക്കും.
Read Also: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ