തിരുവനന്തപുരം: ഇന്ന് രാവിലെ ഹൈദരാബാദിൽ നിന്നുളള ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിയ അഞ്ചംഗ റോഹിങ്ക്യൻ കുടുംബത്തെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ഇന്റലിജൻസ് വിഭാഗം ചോദ്യം ചെയ്യുകയാണിപ്പോൾ. തൊഴിൽ തേടിയാണ് കേരളത്തിലേക്ക് വന്നതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
അയൂബ് (36), സഫിയ കാത്തൂർ(29), സഫിയാദ് (ആറ് മാസം), ഇർഷാദ് (27), അൻവർ ഷാ (11) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുളളത്. സഫിയ അയൂബിന്റെ ഭാര്യയും, സഫിയാദ് ഇവരുടെ കുഞ്ഞുമാണ്. ഇർഷാദ് അയൂബിന്റെയും അൻവർ ഷാ സഫിയയുടെയും സഹോദരങ്ങളാണ്.
“വിഴിഞ്ഞം ഹാർബറിലെ മുസ്ലിം പളളിയിലാണ് ഇവർ വന്നത്. അവിടെയുളളവരോട് ജോലിയോ താമസമോ ലഭിക്കുമോയെന്ന് ഇവർ ചോദിച്ചു. തങ്ങൾ റോഹിങ്ക്യൻ അഭയാർത്ഥികളാണെന്നും ഇവർ പറഞ്ഞു. ഇതോടെ പളളി അധികൃതർ പൊലീസിനോട് വിവരം പറയുകയായിരുന്നു. ഇന്റലിജൻസ് വിഭാഗം ചോദ്യം ചെയ്ത് വരികയാണ്,” വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന് ലഭിച്ച വിശദീകരണം ആണിത്.
ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാപിലായിരുന്നു ഇവർ ആദ്യം. പിന്നീട് ഇവിടെ നിന്നും ട്രെയിൻ മാർഗം ഹൈദരാബാദിലേക്ക് ഇവർ കടന്നു. കേരളത്തിൽ വന്നാൽ ജോലി ലഭിക്കുമെന്നും താമസിക്കാൻ ഇടം ലഭിക്കുമെന്നും കേട്ടറിഞ്ഞാണ് ഇവർ കേരളത്തിലേക്ക് വന്നതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഡൽഹിയിലെ ക്യാംപിൽ നിന്ന് ജോലിയും താമസവും തേടിയാണ് ഇവർ ട്രെയിനിൽ ഹൈദരാബാദിലേക്ക് ചെന്നത്. എന്നാൽ ഇവിടെ ജോലി ശരിയാകാതെ വന്നതിനാലാണ് വിഴിഞ്ഞം ലക്ഷ്യമാക്കി ട്രെയിൻ കയറിയത്.
ഇവരുടെ പക്കൽ ഐക്യരാഷ്ട്ര സംഘടന നൽകിയ അഭയാർത്ഥി തിരിച്ചറിയൽ കാർഡുണ്ട്. ഇവർക്കെതിരെ യാതൊരു കേസും വിഴിഞ്ഞം പൊലീസ് ചുമത്തിയിട്ടില്ല. സ്വാഭാവിക നടപടി ക്രമം എന്ന നിലയിലാണ് ഇവരെ ചോദ്യം ചെയ്യുന്നതെന്നാണ് പൊലീസിൽ നിന്ന് ലഭിച്ച വിശദീകരണം.