കൊച്ചി: വിശ്വാസിയായ യുവതിയെ വൈദികർ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ ഓർത്തഡോക്സ് സഭ നടപടിയെടുത്തു. ആരോപണ വിധേയരായ വൈദികരെയും സഭ സസ്പെൻഡ് ചെയ്തു.
കുമ്പസാര രഹസ്യം ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്ത് വർഷങ്ങളായി യുവതിയെ ലൈംഗിക ചൂഷണം നടത്തിവന്നതായാണ് ഭർത്താവിന്റെ ആരോപണം. എന്നാൽ വൈദികർക്കെതിരെ പൊലീസിൽ ഭർത്താവോ യുവതിയോ പരാതി നൽകിയിട്ടില്ല.
സഭ വൈദികരുടെ പ്രവർത്തന കാര്യ സമിതിയംഗവും ട്രസ്റ്റിയുമായ എം.ഒ.ജോൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് വൈദികർക്കുമെതിരെ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുളളതായും ഇദ്ദേഹം വെളിപ്പെടുത്തി.
സഭ നേതൃത്വത്തിന് നൽകിയ പരാതിയിൽ എട്ട് പേരെയാണ് ഭർത്താവ് പ്രതിസ്ഥാനത്ത് നിർത്തിയതെങ്കിലും ഇവരിൽ അഞ്ച് പേർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. പരാതിയിൽ ഒരു വൈദികൻ സ്ത്രീയെ 380 തവണ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് ആരോപണം. ഈ പരാതി നിയമപരമായി നിലനിൽക്കില്ലെന്നതിനാലാവണം ഇവർ പൊലീസിൽ പരാതിപ്പെടാത്തതെന്ന് എം.ഒ.ജോൺ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പരാതിക്കാരന് രണ്ട് മക്കളുണ്ട്.