/indian-express-malayalam/media/media_files/2025/12/14/election-2025-12-14-08-21-58.jpg)
ചിത്രം: എക്സ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, കേരള രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് തിരികൊളുത്തിയ തദ്ദേശ തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. ‘സെമി ഫൈനൽ’ എന്ന് വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തിൽ എൽഡിഎഫിന് കനത്ത പ്രഹരമേൽപ്പിച്ചാണ് യുഡിഎഫിന്റെ അപ്രതീക്ഷിത മുന്നേറ്റം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഇടതുമുന്നണിയുടെ ഉരുക്കു കോട്ടകൾ പലതും തകർന്നടിഞ്ഞപ്പോൾ, ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന പിണറായി സർക്കാരിന് നൽകുന്നത് ശക്തമായ മുന്നറിയിപ്പാണ്.
2016 മുതൽ അധികാരത്തിലുള്ള ഇടതുപക്ഷത്തിന് പരമ്പരാഗത വോട്ട് ബാങ്കുകളിലുണ്ടായ വിള്ളലുകളും, വിവാദങ്ങളെ നേരിടുന്നതിൽ സംഭവിച്ച വീഴ്ചകളും തിരിച്ചടിയായി. എൽഡിഎഫിന്റെ പരാജയത്തിന് കാരണമായ അഞ്ച് പ്രധാന ഘടകങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
ശബരിമല സ്വർണക്കൊള്ള
മധ്യകേരളത്തിലും തെക്കൻ കേരളത്തിലും സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള ഹിന്ദു വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടാക്കാൻ ശബരിമല സ്വർണ മോഷണ വിവാദം കാരണമായെന്നാണ് ഈ മേഖലകളിലെ ഫലം വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുതിർന്ന പാർട്ടി നേതാവ് അറസ്റ്റിലായത് എൽഡിഎഫിന് ക്ഷീണമായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസും ബിജെപിയും വിഷയം കാര്യമായി ഉയർത്തിക്കാട്ടിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയടക്കം സ്വർണക്കൊള്ള ഉയർത്തി കൃത്യമായ പ്രചാരണം നടത്താൻ ഇരുപാർട്ടികൾക്കും ആയി.
ഏശാതെ പോയ വികസന പ്രചാരണം
കഴിഞ്ഞ പത്തു വർഷത്തെ ഭരണനേട്ടങ്ങളും ക്ഷേമപദ്ധതികളും മുൻനിർത്തിയാണ് എൽഡിഎഫ് വോട്ട് തേടിയത്. ക്ഷേമ പെൻഷൻ 2,000 രൂപയാക്കിയതും ബിപിഎൽ കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ സഹായം നൽകിയതും ഉയർത്തിക്കാട്ടിയെങ്കിലും, ഇത്തവണ അത് വോട്ടർമാരെ സ്വാധീനിച്ചില്ല. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോവിഡ് കാലത്തെ ക്ഷേമപ്രവർത്തനങ്ങൾ എൽഡിഎഫിന് തുണയായിരുന്നു. എന്നാൽ ദാരിദ്ര്യ നിർമ്മാർജ്ജനം, മാലിന്യ സംസ്കരണം, ഭവന പദ്ധതികൾ തുടങ്ങിയവ നടപ്പിലാക്കിയിട്ടും ഇത്തവണ അത് വോട്ടായി മാറിയില്ല.
Also Read: ഇരുത്തി ചിന്തിപ്പിക്കുന്ന വിധിയെഴുത്ത്, ഇടതുപക്ഷത്തിന്റെ സ്വാധീനത്തിൽ ചോർച്ചയുണ്ടായെന്ന് എം.എ ബേബി
മുസ്ലീം വോട്ടർമാരുടെ അകൽച്ച
മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ സിപിഎമ്മിന് വലിയ തിരിച്ചടി നേരിട്ടു. ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ നേടിയിരുന്ന എൽഡിഎഫ്, ഹിന്ദുത്വ അജണ്ടയ്ക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്നോട്ട് പോയെന്ന ധാരണയുണ്ടായി. കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം-ശ്രീ നടപ്പിലാക്കാനുള്ള തീരുമാനവും ഇതിന് ആക്കം കൂട്ടി. കൂടാതെ, മലപ്പുറം ജില്ലയെയും മുസ്ലീം സമുദായത്തെയും ലക്ഷ്യമിട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളിൽ മുഖ്യമന്ത്രിയും സിപിഎമ്മും പുലർത്തിയ മൗനം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന വിമർശനമുയർന്നു. ഇത് മുസ്ലീം വോട്ടർമാരെ യുഡിഎഫിലേക്ക് അടുപ്പിച്ചു.
കൈവിട്ട ക്രിസ്ത്യൻ വോട്ടുകൾ
മധ്യകേരളത്തിലെ നിർണ്ണായകമായ ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണ കോൺഗ്രസിനൊപ്പം നിന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ എത്തിയതോടെ യുഡിഎഫിന് മധ്യകേരളത്തിൽ തിരിച്ചടിയേറ്റിരുന്നു. എന്നാൽ ഇത്തവണ പ്രമുഖരായ ക്രിസ്ത്യൻ നേതാക്കൾ ഇല്ലായിരുന്നിട്ടും സമുദായ വോട്ടുകൾ തിരിച്ചുപിടിക്കാൻ കോൺഗ്രസിന് സാധിച്ചു. ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല.
Also Read: എൽഡിഎഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടി; പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്ന് എം.വി ഗോവിന്ദൻ
ഭരണവിരുദ്ധ വികാരം
തുടർച്ചയായി 10 വർഷം അധികാരത്തിലിരുന്ന പിണറായി സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. സോഷ്യൽ മീഡിയയിലൂടെ ഇത് ആളിക്കത്തിക്കാൻ പ്രതിപക്ഷ ഹാൻഡിലുകൾക്കും സാധിച്ചു. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പണപ്പെരുപ്പവും ജനജീവിതത്തെ ബാധിച്ചു. വൻകിട പദ്ധതികൾക്ക് പ്രാധാന്യം നൽകിയപ്പോൾ, കശുവണ്ടി, കയർ തുടങ്ങിയ പരമ്പരാഗത മേഖലകളിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിച്ചതായി ആക്ഷേപമുണ്ട്. കൂടാതെ, വന്യമൃഗ ശല്യം രൂക്ഷമായതും, കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കാത്തതും ഗ്രാമീണ മേഖലകളിൽ എൽഡിഎഫിന് തിരിച്ചടിയായി.
Read More: എൽഡിഎഫിന്റെ പരാജയം കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു: വി.ഡി.സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us