കോട്ടയം: കുറവിലങ്ങാട് നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് അഞ്ച് മരണം. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ശനിയാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവം. തിരുവാതുക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കോട്ടയം വേളൂർ ഉള്ളാട്ടിൽപാദി വീട്ടിൽ തമ്പി, ഭാര്യ വത്സല, മരുമകൾ പ്രഭ, ചെറുമകൻ അർജുൻ, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.
എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാർ, എതിർദിശയിൽ നിന്നും എത്തിയ തടി ലോറിയിൽ ഇടിക്കുകയായിരുന്നു. പെരുമ്പാവൂരിലേയ്ക്കു തടിയുമായി പോകുകയായിരുന്നു ലോറി. വണ്ടിയോടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല. വണ്ടിയോടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More: കേന്ദ്ര ബജറ്റ്: എപ്പോൾ, എവിടെ? അറിയേണ്ടതെല്ലാം
ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയിലേയ്ക്കു കയറിയ കാറിനുള്ളില്‍ യാത്രക്കാരായ അഞ്ചു പേരും കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ആദ്യം ആരെയും പുറത്തെടുക്കാനായില്ല. പതിനഞ്ച് മിനിറ്റ് നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ ഇവരെയെല്ലാവരെയും പുറത്തെടുത്തത്.
അപകടത്തിൽ പെട്ടവരെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. എല്ലാവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.