ഫോൺ വിളി വിവാദം അഞ്ച് പ്രതികളെയും റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യപേക്ഷ നാളെ പരിഗണിക്കും. ഇന്നലെയാണ് അഞ്ചു പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പതിനാല് ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തിട്ടുളളത്. മംഗളം ചാനലിന്റെ സി ഇ ഒ​ ആർ അജിത്ത് കുമാറടക്കം അഞ്ച് പേരെയാണ് റിമാൻഡ് ചെയ്തത്. ഇതിൽ അജിത്ത് കുമാറിനെയും ജയചന്ദ്രനെയും കസ്റ്റഡിയിൽ നൽകണമെന്ന പൊലീസിന്റെ ആവശ്യം നാളെ കോടതി പരിഗണിക്കുമെന്ന് കോടതി റിപ്പോർട്ടുകൾ.

മാർച്ച് 26ന് ഇവർ തങ്ങളുടെ സംപ്രേക്ഷണം ആരംഭിക്കുന്ന ദിവസം പുറത്തുവിട്ട വാർത്തയാണ് കേസിനാധാരം. ചാനൽ പുറത്തുവിട്ട വാർത്തയെ തുടർന്ന് ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രൻ അന്ന് വൈകുന്നേരം രാജിവച്ചു. രാഷ്ട്രീയ ധാർമ്മകിതയുടെ പുറത്താണ് രാജിവെയ്ക്കുന്നതെന്ന് പ്രഖ്യാപിച്ച ശശീന്ദ്രൻ ഇത് സംബന്ധിച്ച അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ആദ്യം വീട്ടമ്മയോടുളള മന്ത്രിയുടെ സംഭാഷണം എന്ന രീതിയിലായിരുന്നു ചാനൽ അത് സംപ്രേഷണം ചെയ്തത്.

ഈ​വാർത്ത വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയതോടെ സർക്കാർ ആദ്യം ജുഡീഷ്യൽ അന്വേഷണവും പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. പൊലീസ് കേസെടുത്തതോടെ ചാനൽ സി ഇ​ഒ അതുവരെയുളള വാദം പിൻവലിക്കുകയും ഹണി ട്രാപ്പായിരുന്നു എന്ന് വ്യക്തമാക്കി മാപ്പ് പറയുകയും ചെയ്തു. മാധ്യമ പ്രവർത്തകയാണ് മന്ത്രിയുമായി സംസാരിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഇതോടെ വിവാദം കൂടുതൽ ചൂടു പിടിച്ചു. ചാനലിനെതിരെ ശക്തമായ വിമർശനം വീണ്ടുമുയർന്നു. വനിതാ മാധ്യമ പ്രവർത്തകർ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ചാനൽ ഓഫീസിലേയ്ക്ക് പ്രകടനം നടത്തി.
ഇതിനിടെ എ കെ ശശീന്ദ്രനെ ഫോണിൽ വിളിച്ചു എന്ന് പറയപ്പെടുന്ന മാധ്യമ പ്രവർത്തക കോടതിയിൽ ശശീന്ദ്രനെതിരെ പരാതി നൽകി. നേരത്തെ ചാനൽ സി ഇ ഒ നിർവ്യാജം ഖേദം പ്രകടിപ്പിച്ചപ്പോൾ മാധ്യമ പ്രവർത്തക മന്ത്രിയുമായി സംസാരിച്ച് തയ്യാറാക്കിയതാണ് ഫോൺ സംഭാഷണം എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അവർ നൽകിയ പരാതി മന്ത്രിക്കെതിരായിട്ടാണ്. പൊലീസ് എടുത്ത കേസിൽ പ്രതിയാണെങ്കിലും മാധ്യമ പ്രവർത്തക ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. അതിനിടയിലാണ് കോടതിയിൽ മന്ത്രിക്കെതിരായി പരാതി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ