മലപ്പുറം: പൊന്നാനി, താനൂർ എന്നിവിടങ്ങളിൽനിന്നു മീൻപിടിക്കാൻ പോയ മൂന്ന് ബോട്ടുകൾ അപകടത്തില്‍പ്പെട്ട് ഒന്‍പതുപേരെ കാണാതായതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നാലുപേരുമായി പോയ നൂറുൽ ഹുദ പൊന്നാനി നായര്‍തോട് ഭാഗത്തുവച്ചാണ് മറിഞ്ഞത്. മൂന്നുപേര്‍ നീന്തിക്കയറി. കാണാതായ പൊന്നാനി സ്വദേശി കബീറിനായി തിരച്ചില്‍ തുടരുകയാണ്. താനൂരില്‍ നിന്ന് പോയ ബോട്ടിലെ രണ്ടുപേരെയാണ് കാണാതായത്. മൂന്നുപേര്‍ നീന്തിക്കയറി.
പൊന്നാനിയില്‍ നിന്ന് ആറു പേരുമായി പോയ ബോട്ട് നടുക്കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. ബോട്ടില്‍ വിള്ളലുണ്ടെന്നും കടൽ പ്രക്ഷുബ്ധമെന്ന് മത്സ്യത്തൊഴിലാളി നാസര്‍ പറഞ്ഞതായും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തൃശൂർ നാട്ടിക ഭാഗത്താണ് ബോട്ട് ഇപ്പോഴുള്ളത്. ഇന്നലെ രാവിലെയാണ് ഇരുബോട്ടുകളും കടലില്‍ പോയത്.
Read More: Kerala Weather: അറബിക്കടലിൽ ന്യൂനമർദം; വരും ദിവസങ്ങളിൽ മഴ കനക്കും, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ്. വരും ദിവസങ്ങളിൽ കേരളത്തിൽ മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക്-കിഴക്ക് അറബിക്കടലിലും, അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഇതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്തുനിന്ന് ആരും യാതൊരു കാരണവശാലും കടലിൽ പോകരുത്.
കേരള തീരത്ത് 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ ഇടയുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വയ്ക്കണമെന്നും നിർദേശമുണ്ട്.