കൊച്ചി: എറണാകുളത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് മംഗലാപുരത്തെ പുറംകടലിൽ തകരാറിലായി. കൊച്ചി തീരത്ത് നിന്ന് പോയ IND-TN-15-MM-5844 നമ്പർ സെന്റ് ജോസഫ് എന്ന ബോട്ടാണ് ന്യൂ മംഗലാപുരം പോർട്ടിന് പടിഞ്ഞാറ് ഭാഗത്ത് പുറംകടലിൽ തകരാറിലായത്.
എഞ്ചിൻ തകരാറിലായതിനെ തുടർന്നാണ് ബോട്ട് നടുക്കടലിൽ പെട്ടത്. എന്നാൽ കനത്ത് മഴയെ തുടർന്ന് കടൽ പ്രക്ഷുബ്ദ്ധമായത് ബോട്ടിലുണ്ടായവരെ ഭയത്തിലാക്കി. കടലിൽ ഈ സമയത്ത് നാല് മീറ്ററിലേറെ ഉയരത്തിൽ തിരകൾ ഉയർന്നിരുന്നു.
പുറംകടലിൽ 45 കിലോമീറ്റർ വേഗതയിലാണ് ഈ സമയത്ത് കാറ്റ് വീശിയത്. ബോട്ട് തകരാറിലായപ്പോൾ പത്ത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ന്യൂ മംഗലാപുരം പോർട്ടിൽ നിന്ന് കോസ്റ്റ് ഗാർഡ് സംഘം ഇവരുടെ രക്ഷയ്ക്കായി എത്തി.
ബോട്ടിലെ ജീവനക്കാരെ കോസ്റ്റ് ഗാർഡിന്റെ കപ്പലിലേക്ക് മാറ്റിയ ശേഷം ബോട്ട് കയറുകൊണ്ട് കപ്പലുമായി ബന്ധിപ്പിച്ച് തീരത്തേക്ക് കൊണ്ടുവന്നു. ഇന്നലെയാണ് ബോട്ട് തകരാറിലായത്.