തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിൽ കടലില്‍ അകപ്പെട്ട 450 പേരെ ഇതുവരെ രക്ഷിച്ചു. കാറ്റിനും മഴയ്ക്കും ശമനം ഉണ്ടെങ്കിലും കടല്‍ ഇപ്പോഴും പ്രക്ഷുബ്ധമാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബത്തിന് ഇരുപതിനായിരം രൂപ ധനസഹായം നല്‍കും. ബോട്ട് നഷ്ടപ്പെട്ടവര്‍ക്കും ന്യായമായ നഷ്ടപരിഹാരം നല്‍കും.

ഇതിനിടെ കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങി. കടലിൽ ഇറങ്ങരുതെന്ന കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെയും വിലക്കുകൾ മറികടന്നാണ് മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇവരേയും രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഉള്‍പ്പെടുത്താനാണ് കോസ്റ്റ് ഗാര്‍ഡിന്റെ തീരുമാനം.

ഇനിയും 150 പേരെ കണ്ടുകിട്ടാനുള്ളതായാണ് ഔദ്യോഗിക വിശദീകരണം. കൊല്ലം, വിഴിഞ്ഞം പോർട്ടുകളിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് കടലിലേക്ക് പോയിരിക്കുന്നത്. അതേസമയം കൊല്ലത്ത് രക്ഷാപ്രവർത്തനത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ കത്തോലിക്ക സമുദായ സഭയും രംഗത്തിറങ്ങി.

അതേസമയം, കൊച്ചുവേളിയിൽ കാണാതായ നാല് പേരെ കുറിച്ച് വിവരം ലഭിച്ചില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. അതേസമയം രണ്ട് നോട്ടിക്കൽ മൈലിന് അപ്പുറം പോകരുതെന്ന നിബന്ധനയോടെ കടലിൽ ബോട്ടിറക്കാൻ തിരുവനന്തപുരം ജില്ലാ കലക്ടർ കെ.വാസുകി അനുമതി നൽകിയിട്ടുണ്ട്. ബോട്ടിന്റെ റജിസ്റ്റർ നമ്പർ പൊലീസിന് കൈമാറണമെന്നും കലക്ടർ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ