തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളുമായി മല്‍സ്യത്തൊഴിലാളികള്‍ പ്രളയമേഖലകളിലെത്തി. തിരുവനന്തപുരം, എറണാകുളം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് നൂറോളം മത്സ്യബന്ധന ബോട്ടുകളുമായാണ് മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. നീണ്ടകരയിൽ നിന്നും 85 മത്സ്യബന്ധന ബോട്ടുകളും പ്രളയ പ്രദേശങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നും 45ഓളം മത്സ്യബന്ധന ബോട്ടുകള്‍ ചാലക്കുടിയിലേക്ക് തിരിച്ചു.

പ്രളയം കൂടുതല്‍ ബാധിച്ചിരിക്കുന്ന ചെങ്ങനൂര്‍, കുട്ടനാട്, റാന്നി, കോഴഞ്ചേരി, ചാലക്കുടി പുഴയുടെ ചുറ്റുമുള്ള പ്രദേശങ്ങള്‍, പെരിയാറിന്റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ബോട്ടുകളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്.

മത്സ്യത്തൊഴിലാളികളുടെ ഒരു സംഘം ഇന്നലെയോടെ തന്നെ പത്തനംതിട്ടയിലെത്തിയിരുന്നു. ലോറികളിലാണ് ഫൈബർ ബോട്ടുകൾ ഇവിടെയെത്തിച്ചത്. ഇന്ന് കൂടുതൽ സംഘങ്ങൾ ഇവിടേക്ക് എത്തുമെന്നാണ് കരുതുന്നത്. സൈന്യത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശാനുസരണമാണ് മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.