തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദ മേഖല ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം നീട്ടി. അടുത്ത 48 മണിക്കൂർ കേരളത്തിന്റെ തെക്കൻ മേഖലയിൽ നിന്നുളളവർ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു.

കേരള തീരത്ത് നിന്ന് ലക്ഷദ്വീപ് തീരം ലക്ഷ്യമാക്കിയാണ് ന്യൂനമർദ്ദം നീങ്ങുന്നത്. ഇതിന് മണിക്കൂറിൽ 50 കിലോമീറ്ററോളം വേഗതയുണ്ട്. ഈ സാഹചര്യത്തിൽ വിഴിഞ്ഞം, പൂന്തുറ മേഖലയിലെല്ലാം കർശന ജാഗ്രത നിർദ്ദേശം പാലിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

നേരത്തേ ഇത്തരത്തിൽ രൂപാന്തരപ്പെട്ട ന്യൂനമർദ്ദമാണ് ഓഖി ചുഴലിക്കൊടുങ്കാറ്റായി മാറിയത്. ചുഴലിക്കാറ്റിൽ കേരള തീരത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്.

ഇന്നലെ രാത്രിയിലാണ് അറബിക്കടലിൽ തെക്ക് ഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെടുകയും ഇത് ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുകയും ചെയ്യുന്നതായി അറിയിപ്പ് ലഭിച്ചത്. മത്സ്യത്തൊഴിലാളികളോട് ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരള തീരത്ത് 2.6 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരമുളള തിരമാലകൾ ഉണ്ടാകും.

വിഴിഞ്ഞത്തിനും കോഴിക്കോടിനും ഇടയിൽ മത്സ്യബന്ധനം നടത്തരുതെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കുമിടയിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ശക്തമായേക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇത് പ്രതീക്ഷിച്ചതിലും കൂടുതൽ ശക്തമായതോടെയാണ് കടലിൽ പോകരുതെന്ന കർശന നിർദ്ദേശം പുറപ്പെടുവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ