കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മീന്‍പിടിത്ത തൊഴിലാളിക്കു കടലില്‍വച്ചു വെടിയേറ്റു. ചെല്ലാനം അഴീക്കല്‍ സ്വദേശി സെബാസ്റ്റ്യനാ(72)ണു ചെവിക്കു വെടിയേറ്റത്. ഇദ്ദേഹത്തെ മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മീന്‍പിടിത്തം കഴിഞ്ഞ് മറ്റു മീന്‍പിടിത്ത തൊഴിലാളികള്‍ക്കൊപ്പം ബോട്ടില്‍ മടങ്ങുന്നതിനിടെയാണു സെബാസ്റ്റ്യനു വെടിയേറ്റത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നാണു വിവരം.
ഫോര്‍ട്ട് കൊച്ചി തീരത്തിനു സമീപത്തുവച്ചാണു സെബാസ്റ്റ്യനു വെടിയേറ്റത്. നാവികസേനാ പരിശീലന കേന്ദ്രമായ ഐ എന്‍ എസ് ദ്രോണാചാര്യയുടെ പരിസരത്ത് ബോട്ടെത്തിയപ്പോള്‍ ചെവിയ്ക്കു താഴെ എന്തോ വന്നു പതിക്കുന്നതു സെബാസ്റ്റ്യന്‍ അനുഭവപ്പെട്ടു. ഉടനെ ചോര ചീറ്റി. ബോട്ടില്‍നിന്നു വെടിയുണ്ട ലഭിച്ചതോടെയാണു വെടിയേറ്റതാണെന്നു ബോധ്യമായത്.
ഐ എന്‍ എസ് ദ്രോണാചാര്യയിൽ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ഇന്നു വെടിവയ്പ് പരിശീലനം നല്‍കിയിരുന്നു. ഈ സമയത്തായിരിക്കാം സെബാസ്റ്റ്യനു വെടിയേറ്റതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം നാവികസേന സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ വ്യക്തത ലഭിച്ചിട്ടില്ലെന്നും അന്വേഷിക്കുകയാണെന്നുമാണു നാവികസേനാ വൃത്തങ്ങളുടെ പ്രതികരണം.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മീന്‍പിടിത്ത തൊഴിലാളികള്‍ക്കു ബോട്ടില്‍നിന്നു ലഭിച്ച വെടിയുണ്ട നാവികസേനയുടേതാണോയെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണു പൊലീസ്.
സാധാരണഗതിയില്‍ ഐ എന്‍ എസ് ദ്രോണാചാര്യയില്‍ വെടിവയ്പ് പരിശീലനം നടക്കുന്ന സമയത്ത് അതുവഴി മീന്‍പിടിത്ത ബോട്ടുകള്‍ ഉള്‍പ്പെടെ പോകുന്നതിനു നാവികസേന നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇന്നു പരിശീലനമുള്ളതായോ നിയന്ത്രണമുള്ളതായോ വിവരം ലഭിച്ചിട്ടില്ലെന്നാണു മീന്‍പിടിത്ത തൊഴിലാളികള്‍ പറയുന്നത്.