കൊച്ചി: പറവൂരില്‍ ഭൂമി തരം മാറ്റുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളെ സമീപിച്ചിട്ടും നടക്കാത്തതില്‍ മത്സ്യതൊഴിലാളിയായ സജീവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റവന്യു മന്ത്രി കെ. രാജന്‍. സജീവന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ മന്ത്രി റവന്യും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടൊ എന്ന് പരിശോധിക്കുമെന്ന് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സബ്കലക്ടറോട് റിപ്പോര്‍ട്ട് തേടിയതായി എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. “സജീവന്റെ ആദ്യത്തെ അപേക്ഷ ലഭിച്ചത് 2021 ഫെബ്രുവരി മൂന്നിനാണ്. അപേക്ഷ പരിഗണിച്ച് ഫീസ് അടയ്ക്കാനുള്ള നോട്ടീസ് ഒക്ടോബറില്‍ നല്‍കിയിരുന്നു. പക്ഷെ ഇതിന്റെ മറുപടിയായി നമുക്ക് ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അതിനാലാണ് ഫയല്‍ മുന്നോട്ട് പോകാതിരുന്നത്,” ജാഫര്‍ മാലിക്ക് പറഞ്ഞു.
“നവംബര്‍ മാസത്തിലാണ് 25 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ ഫീസടയ്ക്കേണ്ടതില്ല എന്ന ഹൈക്കോടതി ഉത്തരവുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ സജീവന്‍ കഴിഞ്ഞ ഡിസംബറില്‍ മറ്റൊരു അപേക്ഷ നല്‍കിയിരുന്നു. ആദ്യത്തെ അപേക്ഷയുടെ കാര്യം ഇദ്ദേഹം സൂചിപ്പിച്ചിരുന്നില്ല. ആര്‍ഡിഒ ഓഫീസില്‍ നിന്ന് ആരെയും അപമാനിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം,” ജാഫര്‍ മാലിക്ക് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെയാണ് സജീവനെ വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വര്‍ഷം മുന്‍പാണ് സജീവന്‍ അഞ്ച് സെന്റ് ഭൂമി വാങ്ങി വീട് പണിതത്. കടബാധ്യതയേറിയതിന് പിന്നാലെയാണ് വീടും സ്ഥലവും പണയം വച്ച് വീട്ടാമെന്ന തീരുമാനത്തിലെത്തിയത്. ആധാരത്തില്‍ ഭൂമി നിലം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനാല്‍ വായ്പ്പ നല്‍കാന്‍ സാധിക്കില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് ഭൂമി പുരയിടം എന്നാക്കി മാറ്റുന്നതിനായി സജീവന്‍ സര്‍ക്കാര്‍ ഓഫീസുകളെ സമീപിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍ഡിഒ ഓഫീസ് വരെ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം ആര്‍ഡിഒ ഓഫീസിലെത്തിയപ്പോള്‍ അപമാനിച്ചിറക്കി വിട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ദുശിച്ച ഭരണവും കൈക്കൂലിയുമാണ് തന്റെ മരണത്തിന്റെ ഉത്തരവാദികളെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
Also Read: കണ്ണൂര്‍ വിസി പുനര്‍നിയമനം: മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി