കൊല്ലം: മല്‍സ്യബന്ധന മേഖലയില്‍ ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച പണിമുടക്ക് ആറാം ദിവസത്തിലേക്ക്. സംസ്ഥാനത്തെ 3,800ഓളം യന്ത്രവത്കൃത ബോട്ടുകളും നാല്‍പ്പതിനായിരത്തോളം വരുന്ന മല്‍സ്യത്തൊഴിലാളികളുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സമരം ശക്തമായതോടെ സംസ്ഥാനത്ത് മല്‍സ്യക്ഷാമം രൂക്ഷമായിത്തുടങ്ങി.

പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ കൊണ്ടു വരുന്ന മല്‍സ്യത്തിന് തീവിലയാണ്. സമരം ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് മല്‍സ്യ തൊഴിലാളി സംഘടനകളുടെ തീരുമാനം. കൊല്ലത്തെ ചെറു ഹാര്‍ബറുകളില്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ കൊണ്ടുവരുന്ന മല്‍സ്യം മൊത്തക്കച്ചവടക്കാര്‍ കൊണ്ടു പോകുന്നതോടെ ചെറുകിട കച്ചവടക്കാര്‍ക്ക് മല്‍സ്യം ലഭിക്കാതെയായി. ഇതോടെ മല്‍സ്യത്തിന്റെ വിലയും വര്‍ധിച്ചു.

അതേസമയം, സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറാകാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ബോട്ട് ഉടമകളുടെ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. വരുന്ന 22ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ബോട്ടുടമകള്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ