scorecardresearch
Latest News

പിടക്കണ മീനാണെന്ന് തോന്നുന്നില്ലേ? മത്സ്യവില്‍പ്പനയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ വിളിക്കാം

പഴകിയതും ശുചിയില്ലാത്തതുമായി മത്സ്യം വില്‍ക്കുന്നത് ജനപങ്കാളിത്തത്തോടെ തടയാന്‍ ഫിഷറീസ് വകുപ്പ് കോള്‍ സെന്റര്‍ ആരംഭിച്ചിരിക്കുകയാണ്

പിടക്കണ മീനാണെന്ന് തോന്നുന്നില്ലേ? മത്സ്യവില്‍പ്പനയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ വിളിക്കാം

തിരുവനന്തപുരം: പഴകിയതും ശുചിയില്ലാത്തതുമായി മത്സ്യം വില്‍ക്കുന്നത് ജനപങ്കാളിത്തത്തോടെ തടയാന്‍ ഫിഷറീസ് വകുപ്പ്. വില്‍പ്പനയ്ക്കെത്തുന്ന മത്സ്യത്തില്‍ മായം കലര്‍ത്തുന്നതുപോലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വകുപ്പ് അധികൃതരെ നേരിട്ടറിയിക്കാം. ഇതിനായി ഫിഷറീസ് ആസ്ഥാനത്ത് കോള്‍ സെന്റര്‍ ആരംഭിച്ചു.

വിളിക്കേണ്ട നമ്പര്‍: 0471 2525200, 1800 425 3183.

വിളിച്ചറിയിക്കുന്ന ഉടന്‍ തന്നെ നടപടിയുണ്ടാകുമെന്നാണ് വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. മത്സ്യക്കൃഷിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സ്‌കീമുകളെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങളും കോള്‍ സെന്റര്‍ മുഖേന ലഭിക്കും.

ഫിഷറീസ് വകുപ്പിന്റെയും ബന്ധപ്പെട്ട ഏജൻസികളുടെയും സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സംശയങ്ങളും ഒറ്റയിടത്തുനിന്നു ലഭിക്കുമെന്നതും പരാതികൾ ഒറ്റ കോളിൽ അറിയിക്കാമെന്നതുമാണ് കോൾ സെന്ററിന്റെ പ്രധാന പ്രത്യേകത.

പരാതികൾക്കു പുറമെ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്വ റജിസ്ട്രേഷൻ, മത്സ്യത്തൊഴിലാളി പെൻഷൻ റജിസ്ട്രേഷൻ, ബോർഡ് മുഖേന അനുവദിക്കുന്ന വിവിധ ആനുകൂല്യങ്ങൾ, അക്വാകൾച്ചർ കൃഷി, ഇതുമായി ബന്ധപ്പെട്ട സ്‌കീമുകൾ, പി.എം.എം.എസ്.വൈ സ്‌കീമിന്റെ സബ്സിഡി വിവരങ്ങൾ തുടങ്ങിയവ സംബന്ധിച്ചും വിവരം ലഭിക്കും.

2021 ജൂലൈയിലാണ് ഫിഷറീസ് കോൾ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. പൊതു അവധി ദിനങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ കോൾ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം. വിശദമായ വിവരങ്ങൾ മറുപടിയായി നൽകേണ്ട അവസരങ്ങളിൽ അവ ഇ-മെയിൽ വഴി നൽകുന്നതിനും സൗകര്യമുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Fisheries department takes initiative to stop chemical laced fish sale