കൊച്ചി: ചാളയായും മത്തിയായും സാധാരണക്കാരന്റെ തീന്‍ മേശയില്‍ വിലസുന്ന മത്സ്യത്തിന് വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഒരു കിലോ മത്തിക്ക് 400 മുതല്‍ 500 രൂപ വരെയാണ് കഴിഞ്ഞ ആഴ്ചയും ഈ ആഴ്ചയുമായി വില വന്നത്. കേരളത്തില്‍ പലയിടത്തും കഴിഞ്ഞ ആഴ്ച ഒരു കിലോ മത്തിക്ക് 400 രൂപയായിരുന്നു വില. ഈ ആഴ്ചയിലേക്ക് എത്തിയപ്പോള്‍ പലയിടത്തും അത് 500 വരെയായി.

Read Also: ഇത് ലോക റെക്കോർഡ്! ‘ചൂര’ മീൻ ഒരെണ്ണം വിറ്റുപോയത് 21 കോടിക്ക്

ഒരു കിലോ മത്തി വാങ്ങിയാല്‍ പതിനാലോ പതിനഞ്ചോ എണ്ണമാണ് ലഭിക്കുക. മറ്റ് മത്സ്യങ്ങള്‍ക്ക് വലിയ വിലയുള്ളതിനാല്‍ സാധാരണക്കാര്‍ ആശ്രയിച്ചിരുന്നത് മത്തിയെയായിരുന്നു. ഹോട്ടലുകളിലും മത്തി വറുത്തതിനാണ് പണ്ട് മുതലേ ഡിമാന്‍ഡ്. എന്നാലിപ്പോള്‍ ഹോട്ടല്‍ ഉടമകള്‍ അടക്കം വലിയ പ്രതിസന്ധിയിലാണ്. രണ്ട് കഷ്ണം മത്തി വറുത്തതിന് നേരത്തെ 40 രൂപ വരെ ഈടാക്കിയിരുന്നു. അന്ന് മീന്‍ കിലോയ്ക്ക് ഇത്ര വില ഉണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മത്തി കിലോയ്ക്ക് 400 മുതല്‍ 500 വരെ ഈടാക്കുമ്പോള്‍ അത് ഹോട്ടല്‍ ഉടമകളെയും തിരിച്ചടിക്കുന്നു. ചില ഹോട്ടലുകളില്‍ ഇപ്പോള്‍ ഒരു പ്ലേറ്റ് മത്തി വറുത്തതിന് 50 രൂപ വരെ ഈടാക്കുന്നുണ്ട്.

മത്സ്യലഭ്യത കുറഞ്ഞതാണ് വില റോക്കറ്റ് പോലെ കുതിച്ചുയരാന്‍ കാരണമെന്ന് മീന്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നുണ്ട്. മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം ട്രോളിങ് നിരോധനം കൂടി വന്നതോടെ മത്സ്യം വില്‍ക്കുന്നവര്‍ക്കും വലിയ തിരിച്ചടിയായി. മാര്‍ക്കറ്റിലെത്തുന്നവര്‍ പലപ്പോഴും വെറും കയ്യോടെയാണ് മടങ്ങുന്നതെന്നും മീന്‍ കച്ചവടക്കാര്‍ പറയുന്നു.

Read Also: വലവിരിച്ചപ്പോൾ കിട്ടിയത് ‘സ്വർണ ഹൃദയമുളള മീൻ’, ലേലത്തിൽ പോയത് 5.5 ലക്ഷത്തിന്

മലയാളികളുടെ ഇഷ്ടവിഭവമായ മത്തിക്ക് വില കൂടിയതാണ് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത്. കടപ്പുറത്തേക്ക് മീന്‍ പഴയ തോതില്‍ എത്തി തുടങ്ങിയാലേ മത്തി വിലയില്‍ കുറവ് ഉണ്ടാകൂ എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മത്തിക്ക് ഇത്രയും വില ഉള്ളപ്പോള്‍ മറ്റ് മത്സ്യങ്ങളുടെ കാര്യം പറയാനുണ്ടോ. നെയ്മീന് കിലോ 1000 രൂപ മുതല്‍ 1200 രൂപ വരെയാണ് ഇപ്പോള്‍ വില. അയില ഒരെണ്ണത്തിന് 100 രൂപ വരെ വില വരുന്നുണ്ട്. ട്രോളിങ് നിരോധനം ആരംഭിക്കും മുന്‍പ് കഴിഞ്ഞ മാസം ഒരു കിലോ മത്തിക്ക് വില 160 രൂപയായിരുന്നു. പിന്നീടാണ് വിലയില്‍ വലിയ കുതിപ്പ് ഉണ്ടായത്.

‘എല്‍നിനോ’ പ്രതിഭാസത്തെ തുടര്‍ന്ന് മത്തിയുടെ ലഭ്യത കുറയാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം ജനുവരിയില്‍ തന്നെ അറിയിച്ചിരുന്നു. മത്തി ലഭ്യത നന്നായി കുറയുമെന്നായിരുന്നു അറിയിപ്പ്. ഇപ്പോള്‍ മത്തി ലഭ്യത കുറയാന്‍ പ്രധാന കാരണം ‘എല്‍നിനോ’ പ്രതിഭാസം തുടരുന്നത് തന്നെയാണ് അധികൃതര്‍ പറയുന്നു. ‘എല്‍നിനോ’ പ്രതിഭാസം അവസാനിച്ചാലേ പഴയ പോലെ മത്തി ലഭ്യമാകാന്‍ തുടങ്ങൂ. കേരളത്തില്‍ മത്തി ലഭ്യത കുറഞ്ഞതിനൊപ്പം കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മത്തിയുടെ വരവും കുറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നെല്ലാം എത്തുന്ന മത്തിയുടെ അളവില്‍ ഇപ്പോള്‍ വലിയ കുറവ് ഉണ്ട്. ഇതാണ് വില വര്‍ധിക്കാനുള്ള പ്രധാന കാരണം. മത്തിയുടെ വരവ് വര്‍ധിച്ചാല്‍ വില പഴയ പോലെ ആകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.