കൊച്ചി: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തി. പാലക്കാട് എത്തിയ ട്രെയിനിന് വൻ സ്വീകരണമാണ് ലഭിച്ചത്. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. നിരവധി പേരാണ് വന്ദേ ഭാരത് ട്രെയിൻ കാണാനും ഫൊട്ടോ പകർത്താനുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
ചെന്നൈ ഐസിഎഫിൽനിന്നുമാണ് വന്ദേഭാരത് പുറപ്പെട്ടത്. വൈകീട്ടോടെ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ റേക്കുകള്‍ കൊച്ചുവേളിയിലെത്തും. 16 കോച്ചുകളുള്ള ട്രെയിനാണു കേരളത്തിനു ലഭിച്ചത്.
ട്രെയിൻ എത്തിയാൽ വൈകാതെ തന്നെ ട്രയൽ റൺ തുടങ്ങും. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് ഉൾപ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകൾ നടത്തും. യാത്രയ്ക്കിടയിൽ കൊല്ലം, വർക്കല, ചെങ്ങന്നൂർ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ ട്രെയിൻ കുറച്ചുനേരം നിർത്തിയിടുമെന്ന് സൂചനയുണ്ട്. പരീക്ഷണ ഓട്ടങ്ങൾക്കു ശേഷമായിരിക്കും ട്രെയിൻ സർവീസിന്റെ സമയക്രമം തീരുമാനിക്കുക.
24-ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ളാഗ്‌ഓഫ് ചെയ്തേക്കുമെന്നാണ് വിവരം. ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും എത്തുമെന്നാണ് സൂചന.
ഏഴ് – ഏഴര മണിക്കൂർ കൊണ്ടു 501 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിൻ പിന്നിടുക. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടായിരിക്കും. 52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ ട്രെയിനിനു കഴിയും.