scorecardresearch

കേരളത്തിൽ ഇന്ന് എത്തുക രണ്ടു വിമാനങ്ങൾ; ആദ്യ വിമാനം കൊച്ചിയിൽ

ദുബായിൽനിന്നുളള വിമാനം രാത്രി 10.30 ഓടെ കരിപ്പൂരിൽ എത്തുമെന്നാണ് വിവരം. അബുദാബിയിൽ നിന്നുള്ള വിമാനം രാത്രി 9.40ന്  നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും.

airport, ie malayalam

കൊച്ചി: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുളള വന്ദേ ഭാരത് മിഷന്റെ ഭാഗമായി കേരളത്തിൽ ഇന്ന് രണ്ടു വിമാനങ്ങൾ മാത്രമാകും എത്തുക. നാലു വിമാനങ്ങളാണ് ആദ്യം എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും രണ്ടു വിമാനങ്ങളുടെ യാത്ര നീട്ടിവച്ചു. പുതിയ തീരുമാന പ്രകാരം കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ ഓരോ വിമാനങ്ങളാണ് എത്തുക.

അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട് എന്നീ രണ്ടു വിമാനങ്ങളാണ് ഇന്ന് എത്തുക. റിയാദ്-കോഴിക്കോട് വിമാനം വെളളിയാഴ്ചയും ദോഹ-കൊച്ചി വിമാനം ശനിയാഴ്ചയും ആണ് എത്തുക.  നിലവിലെ സമയപ്പട്ടികയനുസരിച്ച് ദുബായിൽനിന്നുളള വിമാനം രാത്രി 10.30 ഓടെ കരിപ്പൂരിൽ എത്തുമെന്നാണ് വിവരം.അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 9.40ന്  നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. 171 യാത്രക്കാരാണ് ഈ വിമാനത്തിൽലെത്തുക.

ടെർമിനലിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റും. അവിടെ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും.

രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും. പത്തു ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ പാകത്തിൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഗ്ലാസ് മറകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർന്ന് ഇവരെ ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടുപോകും. ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുമ്പിലും കൺവെയർ ബെൽറ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള പ്രത്യേക അടയാളങ്ങൾ വച്ചിട്ടുണ്ട്. അഞ്ചാം നമ്പർ ബെൽറ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലക്കാര്‍. തൃശൂർ – 73, പാലക്കാട്  – 13, മലപ്പുറം – 23, കാസർകോട് – 1, ആലപ്പുഴ -15, കോട്ടയം – 13, പത്തനംതിട്ട – 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്.

ഇവരെ വിമാനത്താവളത്തിൽ നിന്നും അതത് ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഗർഭിണികൾ, മുതിർന്ന പൗരൻമാർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് അവരവരുടെ വീടുകളിലാണ് ക്വാറന്റീൻ നിശ്ചയിച്ചിട്ടുള്ളത്. കാസർകോട് ജില്ലക്കാരനായ ഏക യാത്രക്കാരനും തൽക്കാലം എറണാകുളത്താണ് ക്വാറന്റീൻ. കളമശ്ശേരിയിലെ എസ് സി.എം.എസ് ഹോസ്റ്റലിലാണ് കൊച്ചിയിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റീൻ ഒരുക്കിയിട്ടുള്ളത്.

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും വരുന്നവര്‍ താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം അതിയായ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. “നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തുന്ന വിമാനങ്ങളിലും പ്രതിരോധവകുപ്പ് ഏര്‍പ്പെടുത്തുന്ന കപ്പലുകളിലുമാണ് ഇവര്‍ വരുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

Read Also: എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രത്യേക പരിശീലനം നേടി എയർ ഇന്ത്യ സംഘം നാളെ വിദേശത്തേക്ക്

“മടങ്ങിവരുന്ന ഓരോ മലയാളിയുടെയും ആരോഗ്യകാര്യത്തില്‍ കരുതലോടെയാണ് നാം ഇടപെടുന്നത്. നാട്ടിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല,” മുഖ്യമന്ത്രി പറഞ്ഞു.

“പ്രവാസികള്‍ മടങ്ങിയെത്തുന്ന കേരളത്തിലെ വിവിധ വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്ക് ഡിഐജി തലത്തിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സഞ്ജയ്കുമാര്‍ ഗുരുഡിനും നെടുമ്പാശേരിയില്‍ മഹേഷ്‌കുമാര്‍ കാളിരാജിനും കരിപ്പൂരില്‍ എസ് സുരേന്ദ്രനുമാണ് ചുമതല. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇപ്പോള്‍ വിമാനങ്ങള്‍ വരുന്നത് ഷെഡ്യൂള്‍ ചെയ്തിട്ടില്ലെങ്കിലും ചുമതല കെ. സേതുരാമന് നല്‍കിയിട്ടുണ്ട്. കൊച്ചി തുറമുഖത്തിന്റെ ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറേയ്ക്കാണ്,” മുഖ്യമന്ത്രി പറഞ്ഞു.

എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളുടെ സമയക്രമം

കേരളത്തിലേക്ക് ഒരാഴ്ചയ്ക്കുള്ളില്‍ എട്ട് വിമാനങ്ങള്‍ ഉപയോഗിച്ച് 14 സര്‍വീസുകളാണു കൊച്ചി ആസ്ഥാനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്. ഇന്ന് മുതല്‍ 13 വരെ നീളുന്ന ആദ്യ ഘട്ടത്തില്‍ 2478 പ്രവാസികളാണ് തിരിച്ചെത്തുക.

Read More: പ്രവാസികളേ ഞങ്ങളിതാ പുറപ്പെടുന്നു; വന്‍ ദൗത്യത്തിനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വിദേശത്ത് കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിന് മേയ് ഏഴിന് കൊച്ചിയില്‍ നിന്നും ആദ്യം പുറപ്പെടുന്ന എയര്‍ ഇന്ത്യ സംഘത്തിന് പ്രത്യേക പരിശീലനം നൽകി. വിമാനത്തിലെ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനുമാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ പരിശീലനം നല്‍കിയത്. പിപിഇ സ്യൂട്ടുകള്‍ ധരിക്കുന്നതിനും ഫ്ളൈറ്റിനിടയില്‍ ഉണ്ടാകാനിടയുള്ള ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം ഇവരെ പരിശീലിപ്പിച്ചത്. സ്യൂട്ടുകള്‍ ധരിക്കുന്നതിന്റെയും, അവ ശ്രദ്ധാപൂര്‍വ്വം പ്രോട്ടോക്കോള്‍ പ്രകാരം ഊരിമാറ്റുന്നതിന്റെയും പ്രാക്ടിക്കല്‍ വിശദീകരണം നല്‍കി ഇവര്‍ക്കാവശ്യമായ സൗജന്യ കിറ്റുകളും വിതരണം ചെയ്തു. എല്ലാവരുടെയും ആർടിപിസിആർ പരിശോധനയും പൂർത്തിയായ ശേഷമാണ് സംഘം യാത്രയ്ക്കൊരുങ്ങുന്നത്.

air india team
എറണാകുളം മെഡിക്കല്‍ കോളേജില്‍ പരിശീലനത്തിൽ പങ്കെടുത്ത എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാരും ക്യാബിന്‍ ക്രൂവും

മടങ്ങിയെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ വലിയ സജ്ജീകരണമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുക്കിയിരിക്കുന്നത്. വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികൾക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. മടങ്ങിയെത്തുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമേ വീടുകളിലേക്ക് മടക്കൂ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: First two flights will land on tomorrow