തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ അത്‌ലറ്റിക്‌സ് മീറ്റ് സമാപിച്ചു. 22 പോയിന്റ് നേടി മലപ്പുറം ജില്ല ഓവറോൾ ജേതാക്കളായി. 14 പോയിന്റ് നേടി കണ്ണൂർ ജില്ല രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സംസ്‌ഥാനം ട്രാൻസ്ജെൻഡർ അത്‌ലറ്റിക്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്. സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും 100 ഓളം പേർ മത്സരങ്ങളിൽ പങ്കെടുത്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരളസർക്കാർ കായിക ക്ഷേമവകുപ്പും, കേരള സംസ്‌ഥാന സ്പോർട്സ് കൗൺസിലും ചേർന്നാണ് കായിക മേള സംഘടിപ്പിച്ചത്.

മത്സരങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന മാർച്ച് പാസ്റ്റിൽ കായിക വകുപ്പ് മന്ത്രി സല്യൂട്ട് സ്വീകരിച്ചു. മാർച്ച്പാസ്റ്റിൽ തിരുവനന്തപുരം ജില്ല ഒന്നും എറണാകുളം രണ്ടാം സ്‌ഥാനവും നേടി. പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ മുഖ്യധാരയിൽ എത്തിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയത്തിൽ പെട്ടതാണെന്ന് കായികയുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി.മൊയ്‌ദീൻ അത്‌ലറ്റിക്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

transgender meet

100 മീറ്റർ സ്പ്രിന്റിൽ മലപ്പുറത്തെ രാകേഷ് സ്വർണം കരസ്‌ഥമാക്കി. 200 മീറ്റർ ഓട്ടത്തിൽ അനുസൂര്യ (കോട്ടയം), 400 മീറ്റർ ഓട്ടത്തിൽ കമീല (കണ്ണൂർ), ലോങ് ജംപിൽ അഞ്ചുക്ഷേയ (കോഴിക്കോട്), ഷോട്ട്പുട്ട് കാഞ്ചി (കണ്ണൂർ) എന്നിവരും സ്വർണ്ണ മെഡൽ നേടി. 4 x 100 മീറ്റർ റിലേയിൽ മലപ്പുറം ജില്ല സ്വർണം കരസ്‌ഥമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ