തിരുവനന്തപുരം: സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസുമായി ജീവിച്ച ഇഷാനും, പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസുമായി ജീവിച്ച സൂര്യയും ഇനി മനസു പറയുന്നതു പോലെ ജീവിക്കും. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതത്തിന്റെ പുതിയ താളം കണ്ടെത്തിയ ഇരുവരും ഇന്നു വിവാഹിതരായി.തിരുവനന്തപുരം പ്രസ്‌ക്ലബിന് സമീപത്തെ മന്നം മെമ്മോറിയല്‍ നാഷനല്‍ ക്ലബ് ഹാളില്‍വച്ച് സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് ഇവര്‍ വിവാഹിതരായത്.

അവന്‍ അവളായി, അവള്‍ അവനും; ഇനി അവര്‍ ഒന്നിച്ച്

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടി.എന്‍.സീമ, കൗണ്‍സിലര്‍ ഐ.പി.ബിനു, മേയര്‍ വി.കെ.പ്രശാന്ത് തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളായ ട്രാന്‍സ്‌ജെന്‍ഡര്‍ ജനങ്ങളടക്കം നൂറുകണക്കിനു പേരെ സാക്ഷിനിര്‍ത്തിയാണ് ഇവര്‍ ഒന്നായത്.

ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളാണ് ഇരുവരും. ഏറെ വര്‍ഷങ്ങളുടെ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. സംസ്ഥാന സാക്ഷരതമിഷന്റെ കീഴിൽ 10-ാം ക്ലാസ് പരീക്ഷയ്ക്കു തയ്യാറെടുക്കുകയാണ് സൂര്യ. അവിടെത്തന്നെ 12-ാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇഷാന്‍.

33കാരനായ ഇഷാന്‍ മൂന്നു വര്‍ഷം മുമ്പാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. നിലവില്‍ ബിസിനസാണ് ഇഷാന്റെ വരുമാനമാര്‍ഗം. 2014ലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്. കോമഡി സ്റ്റാര്‍സ് അടക്കം നിരവധി ചാനല്‍ പരിപാടികളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് സൂര്യ. സോഷ്യല്‍ ആക്ടിവിസ്റ്റും ഭിന്ന-ലൈംഗിക പ്രവര്‍ത്തകയുമായ സൂര്യ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ