തിരുവനന്തപുരം: ഡൽഹിയിൽ നിന്നു കേരളത്തിലേക്കുള്ള ആദ്യ സ്‌പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്ത് എത്തി. 400 യാത്രക്കാരുമായാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയത്. കോഴിക്കോടും എറണാകുളവും ട്രെയിന് സ്റ്റോപ്പുണ്ടായിരുന്നു. തിരുവനന്തപുരത്തെത്തിയ യാത്രക്കാരിൽ ഒരാൾക്ക് കോവിഡ് ലക്ഷണമുണ്ട്. ഇയാളെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ട സ്വദേശിയായ ഇയാൾ മുംബെെയിൽ നിന്നാണ് എത്തിയത്. അറുനൂറോളം പേർ തിരുവനന്തപുരത്ത് ഇറങ്ങുമെന്നാണ് ആദ്യം ലഭിച്ച റിപ്പോർട്ട്. എന്നാൽ, 400 പേർ മാത്രമേ ഇന്ന് പുലർച്ചെ അഞ്ചിന് എത്തിയ ട്രെയിനിൽ ഉള്ളൂ. രാജധാനി എക്‌സ്‌പ്രസാണ് ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തെത്തിയത്. എല്ലാ യാത്രക്കാരെയും റെയിൽവെ സ്റ്റേഷനിൽവച്ച് പരിശോധിച്ചു.

കേരളത്തിലെ ആദ്യ സ്റ്റോപ്പ് കോഴിക്കോട് ആയിരുന്നു. ഇന്നലെ രാത്രി പത്തോടെ ട്രെയിൻ കോഴിക്കോട് എത്തി. 252 പേരാണ് കോഴിക്കോട് ഇറങ്ങിയത്. യാത്രക്കാരെ സ്വീകരിക്കാന്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ ജില്ലാ ഭരണകൂടം കനത്ത സുരക്ഷാ ക്രമീകരണങ്ങളൊരുക്കി. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിനിലെ യാത്രക്കാര്‍ക്ക് പുറത്തേക്കിറങ്ങാന്‍ രണ്ടു വഴികളാണ് സജ്ജീകരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്‌റ്റേഷനില്‍ പത്ത് കൗണ്ടറുകളാണ് ഒരുക്കിയത്. ഹൗസ് സര്‍ജന്‍, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, വളണ്ടിയര്‍ എന്നിങ്ങനെ മൂന്ന് പേരടങ്ങുന്ന സംഘമാണ് യാത്രക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. സുരക്ഷയുടെ ഭാഗമായി പിപിഇ കിറ്റ് ധരിച്ചായിരുന്നു പരിശോധന.

Read Also: ഫെയ്‌സ്ബുക്കിൽ വി.ഡി.സതീശൻ അസഭ്യവർഷം നടത്തിയെന്ന് ആരോപണം; നിഷേധിച്ച് എംഎൽഎ

പരിശോധനയില്‍ കൊവിഡ് ലക്ഷണമില്ലാത്തവരെ വീടുകളിലേക്കയച്ചു. രോഗലക്ഷണമുള്ളവരെ വിദഗ്‌ധ ആരോഗ്യസംഘം പരിശോധിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. കോഴിക്കോട് എത്തിയവരിൽ ആറ് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീച്ച് ആശുപത്രിയില്‍ നിന്നുള്ള മൂന്ന് ഡോക്ടര്‍മാരുടെ സേവനമാണ് സ്‌റ്റേഷനിലുണ്ടായിരുന്നത്. പത്ത് ആംബുലന്‍സുകളാണ് ആശുപത്രിയിലേക്കായി ക്രമീകരിച്ചത്. കൂടാതെ യാത്രക്കാരെ അതത് ജില്ലാ കേന്ദ്രങ്ങളിലെത്തിക്കാന്‍ 15 കെഎസ്‌ആർടിസി ബസുകളും സജ്ജമാക്കിയിരുന്നു.

കോഴിക്കോട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്കായി രണ്ടു കെഎസ്‌ആർടിസി ബസുകളും ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ മറ്റൊരു ബസും സ്‌റ്റേഷനിലല്‍ ഒരുക്കി. സ്വകാര്യ വാഹനങ്ങള്‍ റെയില്‍വെ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ മാത്രമേ പാര്‍ക്കു ചെയ്യാന്‍ അനുവദിച്ചുള്ളൂ. യാത്രക്കാരുടെ ബാഗുകള്‍ അണുവിമുക്തമാക്കാന്‍ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സിന്റെ സേവനമുണ്ട്.

ഡൽഹിയിൽ നിന്നുള്ള ട്രെയിൻ പുലർച്ചെ 1.45 നാണ് എറണാകുളത്ത് എത്തിയത്. 312 പേർ എറണാകുളം ജംങ്ഷനിൽ ഇറങ്ങാനുണ്ടായിരുന്നു. പനിയും മറ്റ് അസ്വസ്ഥതകളും ഉണ്ടെന്ന് അറിയിച്ച 37 പേരെ സർ‍ക്കാർ ക്വാറന്റെെൻ സൗകര്യത്തിലേക്കു മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.