തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ പ്രഥമ ഒഎൻവി പുരസ്കാരം സുഗതകുമാരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

കേരളപിറവി ദിനമായ നവംബർ ഒന്നിന് അവാർഡ്  നൽകും. ഒഎൻവി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കേരള സർവ്വകലാശാല അദ്ദേഹത്തിന് നൽകുന്ന സ്മൃതി പൂജയാണ് ഈ അവാർഡ്. എല്ലാ വർഷവും ഒക്ടോബർ 30ന് അവാർഡ് പ്രഖ്യാപിക്കുകയും നവംബർ ഒന്നിന് അവാർഡ് നൽകുകയും ചെയ്യുമെന്ന് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. വി.പി.മഹാദേവൻ പിളള അറിയിച്ചു.

‘കവിതാ രംഗത്ത് സുഗതകുമാരി ഒഎൻവി കാത്തുസൂക്ഷിച്ച ഭാവുകത്വത്തിന്റെ വക്താവാണ്. മാത്രമല്ല, സാമൂഹിക നീതിയുടെ സാർവ്വത്രികത ഉറപ്പാക്കുന്നതിലും സ്ത്രീ സുരക്ഷ, സമൂഹത്തിന്റെ കർത്തവ്യമാണെന്ന് ബോധ്യപ്പെടുത്തുന്നതിലും അശരണരായ മനുഷ്യന്റെ നിലവിളികൾക്ക് കാതോർക്കാതെ സമൂഹം മുന്നോട്ട് പോകുമ്പോൾ നഷ്ടപ്പെടുന്നതാണ് മാനവികതയെന്ന് നിരന്തരം ഓർമ്മപ്പെടുത്തുന്നതിലും ദത്തശ്രദ്ധയാണ് സുഗതകുമാരി. മനുഷ്യന്റെ നിലനിൽപ്പിൽ പരിസ്ഥിതി വഹിക്കുന്ന പങ്കിനെക്കുറിച്ച് നിരന്തരമായി ബോധ്യപ്പെടുത്തുകയും അതിനായി സമൂഹത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന് ഉടമകൂടിയാണ് സുഗതകുമാരി. സമൂഹിക, സാഹിത്യ രംഗത്ത് നടത്തുന്ന ഇടപെടലുകൾ കൂടി പരിഗണിച്ചാണ് പ്രഥമ ഒഎൻവി അവാർഡ് നൽകുന്നതെന്നും അവാർഡ് നിർണയ സമിതി അറിയിച്ചു.

Read More: മഴ നനഞ്ഞു കൊണ്ടു നിൽക്കുന്ന ഒരു പെൺകുട്ടി, എം.എ.ബേബി എഴുതുന്നു

കേരള സർവ്വകലാശാല മലയാള വിഭാഗം അധ്യാപകനായ ഡോ. ബി.വി.ശശികുമാർ, ഡോ. എസ്.നസീബ്, ഡോ. ജി.പത്മറാവു, ഡോ. സി.ആർ.പ്രസാദ് എന്നിവരടങ്ങിയ സമിതിയാണ് പ്രഥമ ഒഎൻവി പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Read More: സ്വപ്നം കണ്ടോട്ടെ ഞാൻ: സുഗതകുമാരി സംസാരിക്കുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ