കോട്ടയം: മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കാനുളള ആദ്യ നീക്കം സിപിഐയുടെ പാർട്ടി ഓഫീസ് പൊളിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴാണ് അകാലചരമത്തിലേയ്ക്ക് വഴിയൊരുക്കിയതെങ്കിൽ ഇത്തവണ കുരിശ് നീക്കം ചെയ്തതാണ് മൂന്നാർ ദൗത്യത്തിന് മരണമണി മുഴക്കിയത്.

വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മൂന്നാറിലെ ടാറ്റായുടെ കൈവശമുണ്ടെന്ന് നിയമസഭാസമിതി റിപ്പോർട്ടിലുളള അധികഭൂമി ഏറ്റെടുക്കൽ മുതൽ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ മുഴുവൻ ഒഴിപ്പിക്കാനായിരുന്നു പദ്ധതി. കെ.സുരേഷ് കുമാറിന്റെയും ഋഷിരാജ് സിങ്ങിന്റെയും നേതൃത്വത്തിലുളള ടീമാണ് കൈയേറ്റമൊഴിപ്പിക്കൽ പദ്ധതിയുമായി മുന്നോട്ട് പോയത്. ആദ്യം മുതലേ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക ഘടകങ്ങൾ ഇതിനെതിരായിരുന്നു. സിപിഐ സംസ്ഥാന തലത്തിൽ തന്നെ ഇതിനെരായി ഒളിപ്പോരും പരസ്യപ്പോരും നടത്തി. തുടക്കത്തിൽ തന്നെ അവർക്ക് അതിന് ആയുധവും കിട്ടി. മൂന്നാറിൽ സിപിഐയുടെ പാർട്ടി ഓഫീസ് പൊളിക്കൽ വിവാദം. അതിൽ പിടിച്ച് അവരുടെ നേതൃത്തിൽ നടത്തിയ നീക്കങ്ങൾ അന്നത്തെ  മൂന്നാർ ദൗത്യം പൊളിച്ചു. ഇത്തവണ കൈയേറ്റത്തിനെതിരെ നിലപാട് എടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് സിപിഐ നടപടികൾ സ്വീകരിക്കുമ്പോഴും മൂന്നാറിലെ പാർട്ടി ഓഫീസ് അവരെ വിടാതെ പിന്തുടരുന്നുണ്ട്. മാത്രമല്ല, സിപിഐയുടെ നേരെ ഉയരുന്ന ചോദ്യങ്ങളൊക്കെ അവർ മറുപടി നൽകാതെ പോവുകയും ചെയ്യുന്നു. ഇതിനിടയിലാണ് പാപ്പാത്തിചോലയിലെ കുരിശ് നീക്കം ചെയ്യൽ വിവാദം.

കൈയേറ്റ ഭൂമിയിൽ സ്പിരിറ്റ് ഇൻ ജീസസ് എന്ന വിഭാഗം സ്ഥാപിച്ച കുരിശ് റവന്യൂവകുപ്പ് അധികൃതർ നീക്കം ചെയ്തു. ഇതിനെതിരെ ആദ്യം രംഗത്തെത്തിയത് ക്രൈസ്തവസഭാവിശ്വാസികളോ മതമേലധ്യക്ഷന്മാരോ ആയിരുന്നില്ല. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും ഏതാനും മണിക്കൂറുകൾക്കം മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെതിരെയെത്തി. ഇതിനിടയിൽ ഗീവർഗീസ് മോർ കൂറിലോസ് മെത്രോപ്പൊലീത്തയും കപ്പൂച്ചിയൻ വൈദികനായ ജിജോ കുര്യനെയും പോലുളളവർ കുരിശ് നീക്കം ചെയ്തതിന് പിന്തുണച്ചു. ഇവരുടെ വാദത്തിന് പിന്തുണയേറുന്ന സമയത്താണ് മുഖ്യമന്ത്രി തിരിച്ചുളള പ്രസ്താവന നടത്തിയത്. പിന്നാലെ സഭയുടെ വ്യവസ്ഥാപിത നേതൃത്വവും രംഗത്തെത്തി. 25 വർഷമായി ബാബ്റി മസ്‌ജിദ് എന്ന വാക്കുപോലും പറയാതിരുന്ന ക്രൈസ്തവ സഭ ബാബ്റി മസ്‌ജിദ് പൊളിക്കലിന് കാൽനൂറ്റാണ്ട് തികയുമ്പോൾ അനധികൃതമായി കൈയേറിയ സ്ഥാപിച്ച കുരിശ് നീക്കിയതിനെ ബാബ്റി മസ്‌ജിദ് തകർത്തതുമായി താരതമ്യം ചെയ്തു രംഗത്തുവന്നു. ഈ വാദം സിപിഎമ്മിലെ ചിലരും ഏറ്റുപാടി തുടങ്ങി. സഭയെ സംബന്ധിച്ച് ഒരുവെടിക്ക് രണ്ട് പക്ഷി എന്ന നിലയിൽ ഒരേസമയം തങ്ങളുടെ വാദത്തിന് പിന്തുണയും. സിപിഐ കത്തിച്ച് നൽകിയ തീ കൊളളി കൊണ്ട് സിപിഎമ്മും സഭയും തലചൊറിഞ്ഞു തുടങ്ങി.

munnar, cpm

ആദ്യ മൂന്നാർ ദൗത്യത്തിലെ ഉദ്യോഗസ്ഥരെ പരിഹസിച്ചതും അവരെ അവമതിച്ചതും അവർക്കെതിരെ ക്യാംപെയിൻ നടത്തിയതും സിപിഐയുടെ നേതൃത്വത്തിലായിരുന്നു. ഒപ്പം എല്ലാ പാർട്ടിക്കാരും കൂടി. അന്ന് പന്ന്യൻ രവീന്ദ്രനായിരുന്നു ആക്ഷേപഹാസ്യം എന്നപേരിൽ ആക്രമണം നടത്താൻ മുന്നിൽ നിന്നത്. കോട്ടിട്ടയാളും അതിനുമുകളിലിരിക്കുന്നയാളും എന്ന് പറഞ്ഞ് സുരേഷ്‌കുമാറിനെയും മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനെയും പരിഹസിച്ചുകൊണ്ടായിരുന്നു പന്ന്യന്റെ ആക്രമണം. അതിന്റെ തുടർച്ച പലതരത്തിൽ ഉണ്ടായി. കെട്ടുകഥകളും ആവശ്യത്തിന് ഇറങ്ങി. ആ ദുരന്തത്തിന്റെ ആവർത്തനമാണ് എം.എം.മണിയിലൂടെ ഇത്തവണ വീണ്ടും അരങ്ങേറിയതും തുടരുന്നതുമായ പ്രഹസനം.

ആ തീ കൊളളി കൊണ്ട് കൂടുതൽ പൊളളലേൽക്കണ്ടെന്ന നിലപാടിലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ. അതാണ് രണ്ടാം ദൗത്യത്തെ അകാല ചരമത്തിലേയ്ക്കു നയിക്കുന്നതിലെ പ്രധാനകാരണം. സിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലും അവരുടെ മന്ത്രിയിലുമുളള വിശ്വാസം പോലും പല റവന്യൂ ഉദ്യോഗസ്ഥർക്കും നഷ്ടമായിരിക്കുന്നുവെന്നാണ് സ്വകാര്യസംഭാഷണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഈ ദൗത്യം പോലും തങ്ങളുടെ രാഷ്ട്രീയ പ്രതിച്ഛായ വർദ്ധിപ്പിക്കുവാൻ മാത്രമുളളതായി മാറ്റുകയും ജീവനക്കാരെ ബലിയാടാക്കുകയുംചെയ്യുന്നുവെന്ന തോന്നലാണ് അവർക്കുളളത്.

മൂന്നാര്‍ സൂര്യനെല്ലിക്കു സമീപമുള്ള പാപ്പാത്തിച്ചോലയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി വിവാദമാകുകയും റവന്യൂ വകുപ്പിനെതിരേ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ നിലച്ചത്. സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗികമായി കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെങ്കിലും കുരിശു നീക്കം ചെയ്ത സംഭവത്തിനു ശേഷം ഒഴിപ്പിക്കല്‍ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നു റവന്യൂ ഉദ്യോഗസ്ഥര്‍ തന്നെ അനൗദ്യോഗികമായി സമ്മതിക്കുന്നു. കുരിശുനീക്കം ചെയ്ത നടപടിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനവും സബ് കലക്ടര്‍ക്കും കളക്ടര്‍ക്കും നേരേ വൈദ്യുതി മന്ത്രി എം.എം.മണി നടത്തിയ ആക്ഷേപങ്ങളും ജില്ലയിലെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.

സബ് കലക്ടര്‍ക്കെതിരായി സിപിഎം നേതാക്കളും അനുഭാവികളും നിരന്തരം പ്രചാരണം നടത്തുന്നതും റവന്യൂ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കുന്നുണ്ട്. പൊമ്പിളൈ ഒരുമൈക്കെതിരായി വൈദ്യുതി മന്ത്രി എം.എം.മണി നടത്തിയ പ്രസ്താവനകളില്‍ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചെങ്കിലും സബ് കലക്ടര്‍ക്കും കലക്ടര്‍ക്കുമെതിരായ പ്രസ്താവനകളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടില്ല എന്ന് അവർ പറയുന്നു. കൈയേറ്റം ഒഴിപ്പിക്കാനെത്തുന്ന ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയിലേക്ക് അയക്കണമെന്നും ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍ കഴിവുകെട്ടവനാണെന്നും മന്ത്രി വിമര്‍ശിച്ചിരുന്നു. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥരെ ഇത്രത്തോളം നിന്ദ്യമായ ഭാഷയില്‍ ആക്ഷേപിച്ചിട്ടും ഇതിനെ അപലപിക്കാന്‍ സിപിഐയിൽ നിന്നോ സിപിഐയുടെ മന്ത്രിമാരിൽ നിന്നോ ആരും മുന്നോട്ടു വരാത്തതിലും റവന്യൂ ഉദ്യോഗസ്ഥര്‍ക്കു കടുത്ത പ്രതിഷേധമുണ്ട്. അതിൽ കൂടുതലും സിപിഐയുടെ റവന്യൂവകുപ്പ് ജീവനക്കാരുടെ സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥർക്കാണ് പ്രതിഷേധം എന്നതാണ് വൈരുദ്ധ്യം. അതുകൊണ്ടുതന്നെ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടു പോകേണ്ടതില്ലെന്നു തന്നെയാണ് റവന്യൂ വകുപ്പിലെ അനൗദ്യോഗിക തീരുമാനം.

munnar, cpm

കുരിശ് നീക്കം ചെയ്ത നടപടി എല്ലാ വിധത്തിലുള്ള മാനദണ്ഡങ്ങളും പാലിച്ചു മാത്രമായിരുന്നുവെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അനധികൃതമായി കൈയേറിയതാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും കൈയേറ്റക്കാര്‍ ഇതിനു തയാറാകാതിരുന്നതിനാലാണ് കുരിശ് നീക്കം ചെയ്ത് കൈയേറ്റം ഒഴിപ്പിക്കേണ്ടി വന്നതെന്നും ഇവര്‍ വിശദീകരിക്കുന്നു. കുരിശിന്റെ മറവില്‍ ഭൂമി കൈയേറി ആത്മീയതയും ഭൂമിയും എല്ലാം വിൽക്കാനുളള ശ്രമം തടഞ്ഞ വിഷയത്തില്‍ തങ്ങളെ കുറ്റക്കാരാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു.

ഇതിനിടെ കുരിശ് നീക്കം ചെയ്യൽ സംഭവത്തിന്റെ പേരില്‍ നേട്ടം കൊയ്തത് മൂന്നാറിലെ കൈയേറ്റക്കാരാണ്. കുരിശ് നീക്കം ചെയ്യൽ സംഭവം വിവാദമായതോട കൈയേറ്റമൊഴിപ്പിക്കല്‍ പൂര്‍ണമായും നിലച്ചത് വന്‍കിട കൈയേറ്റക്കാര്‍ക്ക് ആവേശം പകരുന്നുണ്ട്. കുരിശ് നീക്കം ചെയ്യുന്നതിന് മുന്‍പുള്ള ദിവസം സിപിഎം ദേവികുളം ലോക്കല്‍ സെക്രട്ടറി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന പരാതിയെത്തുടര്‍ന്ന് ഈ ഭൂമിയില്‍ റീസര്‍വേ നടത്താന്‍ ദേവികുളം സബ്‌കലക്‌ടർ ഉത്തരവിട്ടിരുന്നു. ഈ നടപടിക്കെതിരേ സിപിഎം ജില്ലാ സെക്രട്ടറിയുള്‍പ്പടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. കുരിശ് നീക്കം ചെയ്യൽ സംഭവം വിവാദമാക്കിയതിനു പിന്നില്‍ കൈയേറ്റമൊഴിപ്പിക്കല്‍ തടയുകയെന്ന ഗൂഢ ലക്ഷ്യമാണുണ്ടായിരുന്നതെന്ന സംശയവും ചില ഉദ്യോഗസ്ഥരെങ്കിലും പങ്കുവയ്ക്കുന്നുണ്ട്. ആദ്യ മൂന്നാർ ദൗത്യത്തിൽ പാർട്ടി ഓഫീസ് വിഷയം സിപിഐ വിവാദമാക്കിയപ്പോൾ സംഭവിച്ച അതേ തന്ത്രം എന്നാണ് അവരുടെ വിലയിരുത്തൽ.

കുരിശ്‌ നീക്കം ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികളോ മത മേലധ്യക്ഷന്‍മാരോ എത്തുന്നതിന് മുമ്പ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനും രംഗത്തെത്തി. അന്നു വൈകുന്നേരം മുഖ്യമന്ത്രികൂടി സംഭവത്തെ വിമര്‍ശിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയും റവന്യൂവകുപ്പ് പ്രതിക്കൂട്ടിലാവുകയുമായിരുന്നു. റവന്യൂവകുപ്പും മന്ത്രിയും ഇടുക്കി ജില്ലാകലക്ടര്‍ക്കും സബ് കലക്ടര്‍ക്കും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അതില്‍ വിശ്വാസമില്ല. ഇപ്പോൾ ഇതൊക്കെ പറയുമെങ്കിലും കുറച്ചു കഴിയുമ്പോൾ തങ്ങളെ കൈയൊഴിയുകയായിരിക്കും ഇവർ ചെയ്യുകയെന്ന് അവർ കഴിഞ്ഞ കാല അനുഭവം മുൻനിർത്തി പറയുന്നു.

റവന്യൂ വകുപ്പിലെ ഉന്നതരുടെയും മന്ത്രിയുടെയും പൂര്‍ണ അറിവോടും സമ്മതത്തോടും കൂടി നടത്തിയ പാപ്പാത്തിച്ചോലയിലെ ഒഴിപ്പിക്കല്‍ സംഭവത്തില്‍ ജില്ലാ കലക്ടറും സബ് കലക്ടറും പ്രതിക്കൂട്ടിലായപ്പോൾ മന്ത്രിയും സിപിഐയും ഇതിനെ ചെറുത്തില്ലെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കൈയേറ്റമൊഴിപ്പിക്കൽ നടപടികള്‍ താല്‍ക്കാലികമായി നിലച്ചതോടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഭൂമി കൈയേറ്റം വ്യാപമാകുന്നതായ ഉദ്യോഗസ്ഥര്‍ തന്നെ സൂചിപ്പിക്കുന്നു. പത്തുസെന്റ് വരെയുള്ള കൈയേറ്റങ്ങളോടു കടുത്ത നടപടി വേണ്ടെന്ന സര്‍ക്കാര്‍ നിലപാടും കൈയേറ്റക്കാര്‍ മുതലാക്കുന്നുണ്ട്. മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഒരു സെന്റ് ഭൂമിക്കു പത്തുലക്ഷം മുതലാണ് കൈമാറ്റ വിലയെന്നതു കൂടി (ഈ വില രേഖയിൽ കാണില്ല) അറിയുമ്പോൾ മാത്രമാണ് കൈയേറ്റത്തിന്റെയും കൈയേറ്റക്കാരുടെയും ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നതിന്റെ അടിസ്ഥാനം മനസ്സിലാകുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ