ആലപ്പുഴ: ലോകത്താകെയുളള ഭിന്നശേഷിക്കാർക്കായി കേരളത്തിലെ ടൂറിസം രംഗത്തേക്ക് സ്വാഗതം ചെയ്ത് പുതിയ പദ്ധതി. കേരളത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കുള്ള വിനോദസഞ്ചാര മേഖലയെ വികസിപ്പിക്കാൻ ലക്ഷ്യമിട്ട്, സ്പെഷ്യല്‍കെയര്‍ ഹോളിഡെയ്സ് എന്ന സ്ഥാപനമാണ്‌ പുതിയ പദ്ധതി സാക്ഷാത്കാരമാക്കിയിരിക്കുന്നത്.

ഇന്ന് കന്നിയാത്ര നടത്തിയ ഭിന്നശേഷിക്കാര്‍ക്ക് മാത്രമായുള്ള ഹൗസ്ബോട്ടില്‍ യാത്രക്കാരാകാന്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേർ എത്തിച്ചേര്‍ന്നു. ദിവസം മുഴുവന്‍ മുഴുവന്‍ സ്വയം മറന്ന് അവര്‍ ആര്‍ത്തുല്ലസിച്ചു. അവരുടെ ജീവിതത്തിലെ ആദ്യ വിനോദ യാത്ര. ഒരു പകല്‍ മുഴുവന്‍ വേമ്പനാട്ട് കായലിന്‍റെ ഓളങ്ങള്‍ക്കൊപ്പം അവരുടെ സന്തോഷത്തിന്‍റെ അലകളും ഒഴുകി നടന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമെന്നാണ് പലരും അവരുടെ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

മുപ്പത് വര്‍ഷമായി വീല്‍ചെയ്യറില്‍ ജീവിക്കുന്ന സൈമണ്‍ ജോര്‍ജ് എന്ന വ്യക്തിയാണ് ഭിന്നശേഷികാര്‍ക്ക് മാത്രമായുള്ള പ്രത്യേക ടൂറിസം പദ്ധതി തുടങ്ങിയത്. യുറോപ്പിലും മറ്റ് പലയിടത്തും ഇത്തരം ടൂറിസം നിലവിലുണ്ടെങ്കിലും ഇന്ത്യയില്‍ അതിനുള്ള സൗകര്യങ്ങളില്ല. ശാരീരികവൈകല്യങ്ങളെ മറികടക്കാനുള്ള സാങ്കേതികവിദ്യ രാജ്യത്തില്ലാത്തതിനാലാണിത്.

മറ്റുള്ളവരെപ്പോലെ യാത്ര ചെയ്യാനും കാഴ്ചകള്‍ കാണാനും ഭിന്നശേഷിക്കാരായവര്‍ക്കും അതിയായ ആഗ്രഹമുണ്ട്. പക്ഷേ നാല് ചുവരിന്റെ നിഴലുകള്‍ക്കുള്ളിലേക്ക് അവരുടെ സ്വപ്‌നങ്ങള്‍ ഒതുങ്ങി പോവുകയാണ് എല്ലായ്പ്പോഴും. സര്‍ക്കാരിന്‍റെയോ ടൂറിസം വകുപ്പിന്‍റെയോ കീഴില്‍ അതിനുള്ള ഇടപെടലും വളരെ കുറവാണ്.

“കഴിഞ്ഞ മുപ്പത് വര്‍ഷത്തോളം വീല്‍ചെയറില്‍ ജീവിക്കുന്ന മനുഷ്യനാണ് ഞാന്‍. അതുകൊണ്ട് തന്നെ ഭിന്നശേഷിക്കാര്‍ നേരിടുന്ന എല്ലാ അവസ്ഥയില്‍ക്കൂടിയും ഞാന്‍ കടന്നുപോയിട്ടുണ്ട്. അവര്‍ക്കെന്താണ്‌ ആവശ്യം എന്നെനിക്കറിയാം. അവരുടെ മനസ്സറിഞ്ഞ് കൊണ്ടാണ് ഞങ്ങള്‍ എല്ലാ തരത്തിലുമുള്ള സൗകര്യങ്ങളും ഒരുക്കുന്നത്.”, സ്പെഷ്യല്‍കെയര്‍ ടൂറിസം കമ്പനിയുടെ സ്ഥാപകന്‍ സൈമോന്‍ ജോര്‍ജ് ഐഇ മലയാളത്തോട് പറഞ്ഞു.

എല്ലവിധ അത്യാധുനിക സൗകര്യങ്ങളും,ഉപകരണങ്ങളുമാണ് ഭിന്നശേഷിക്കാർക്കായി ഒരുക്കിയതെന്ന് സൈമോൻ പറഞ്ഞു. മറ്റുള്ളവരില്‍ നിന്നുള്ള യാതൊരു കാഴ്ചകളും ശാരീരിക വൈകല്യങ്ങള്‍ ഉണ്ടെന്ന പേരില്‍ ഇവര്‍ക്ക് നിഷേധിക്കപ്പെടാന്‍ പാടില്ല എന്ന് സൈമണ് നിര്‍ബന്ധമുണ്ട്. ജെ.സി.ബി യുടെ പ്ലാറ്റ്ഫോമില്‍ കയറ്റി ഹൗസ്ബോട്ടിന്‍റെ അപ്പര്‍ ഡെസ്ക്കില്‍ നിന്ന് കൊണ്ട് തന്നെയാണ് ഇന്നെത്തിയ എല്ലാവരും എല്ലാവരും യാത്ര ചെയ്തത്. മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് ഡോക്ടറുടെയും,നഴ്സിന്‍റെയും സൗകര്യം, സഹായിക്കാനായി സന്നദ്ധപ്രവര്‍ത്തകര്‍,പോര്‍ട്ടബിള്‍ ഇ.ടോലെറ്റ് സൗകര്യം, സ്വയം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഹൈഡ്രോളിക്ക് റാംപ്‌ എന്നിവയും ഭിന്നശേഷിക്കരായ സഞ്ചാരികള്‍ക്ക് നല്‍കുന്നുണ്ട്.

ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സഞ്ചാര പദ്ധതിയുടെ വെറും തുടക്കം മാത്രമാണ് ഇന്ന് തുടങ്ങിയ ഹൗസ്ബോട്ട് എന്നാണു സൈമണ്‍ പറയുന്നത്. ഇതിന് വേണ്ടി മാത്രമായി എല്ലാ വിധ സൗകര്യങ്ങളുമുള്ള നാല് വാഹനങ്ങൾ സജ്ജീകരിച്ചതായും, കിടപ്പിലായ ആളുകള്‍ക്ക് സഞ്ചാരം സാധ്യമാകുന്നതിനു വേണ്ടി എല്ലാ വിധ ഉപകരണങ്ങളും ജര്‍മ്മനി, ചൈന എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തതായും സൈമൺ പറഞ്ഞു.

കണ്ണ് കാണാത്തവര്‍,ചെവി കേള്‍ക്കാത്തവര്‍ എന്നിവര്‍ക്കെല്ലാം പ്രത്യേക പരിശീലം നേടിയ കോഓർഡിനേറ്റര്‍മാരും ലഭ്യമാണ്. അതിനാൽ സഞ്ചാരികളുടെ ആവശ്യമനുസരിച്ചുള്ള പാക്കേജുകളാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു.

“മെഡിക്കല്‍ ടൂറിസത്തിന്‍റെ വല്ലാത്ത സാധ്യതകളാണ് നമ്മള്‍ ഇതിലൂടെ തുറന്ന് വെയ്ക്കുന്നത്. കേരളത്തിലോ,ഇന്ത്യയിലോ അത്തരമൊരു ടൂറിസത്തിന്‍റെ സാധ്യതകള്‍ കാര്യമായി പരിഗണിച്ചിരുന്നില്ല. പ്രത്യേക പരിചരണം ലഭ്യമാണ് എന്നതിനാല്‍ നിരവധി ആള്‍ക്കാര്‍ വിളിച്ച് ബുക്ക്‌ ചെയ്യുന്നുണ്ട്. കൂടാതെ വീട്ടുകാര്‍ക്ക് കൊണ്ട് വരാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഹൗസ് ബോട്ടില്‍ ഒരു ദിവസം ചെലവഴികണം എന്ന് ആഗ്രഹമുള്ളവരെ ഞങ്ങള്‍ വീട്ടില്‍ കൊണ്ട് പോയി യാത്രകള്‍ കാണിച്ച് തിരിച്ച് കൊണ്ട് വിടുന്ന സൗകര്യവും നല്‍കുന്നുണ്ട്. അടുത്ത ആഴ്ച സ്പെയിനില്‍ നിന്ന് ഒരു സംഘം ചിലപ്പോള്‍ എത്താന്‍ സാധ്യതയുണ്ട്”, അദ്ദേഹം പറഞ്ഞു.

ഏതായാലും കേരളത്തിന്റെ ടൂറിസത്തിന് പുതിയ ഒരു മുഖമാണ് ഇതിലൂടെ ലഭിക്കാന്‍ പോകുന്നത്. കാഴ്ചകള്‍ നിരോധിക്കപ്പെട്ടര്‍വര്‍ക്ക് സ്വന്തം സ്വപ്നങ്ങള്‍ക്ക് ചിറക് നല്കാന്‍ ഇതിലൂടെ ഇവര്‍ക്ക് സാധിക്കും എന്നതാണ് പ്രതീക്ഷ. അത് തന്നെയാണ് സൈമന്‍റെ ആഗ്രഹവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ