തൃശൂര്‍: കേരളത്തില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതാ  നിര്‍ദേശം നല്‍കി സര്‍ക്കാര്‍. നേരത്തെ തന്നെ സംസ്ഥാനം ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാവിധ തുടര്‍നടപടികളും ആരോഗ്യവകുപ്പ് സ്വീകരിക്കുന്നുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പൂര്‍ണ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനാവശ്യഭീതി ഭീതി ഒഴിവാക്കുകയും ജാഗ്രത പാലിക്കുകയുമാണ് ഇപ്പോൾ ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ കൂടിക്കാഴ്‌ച നടത്തി.

Read Also: കേരളത്തിലും കൊറോണ; വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർഥിക്ക് സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണുള്ളത്. തൃശൂരില്‍ വേറെ മൂന്ന് വിദ്യാര്‍ഥികളും നിരീക്ഷണത്തിലാണ്. ഇവരുടെ മൂന്ന് പേരുടെയും പരിശോധനാ ഫലം ലഭ്യമായിട്ടില്ല. കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആരോഗ്യമന്ത്രി ഉടന്‍ തൃശൂരിലെത്തുമെന്നും അറിയിച്ചു.

കേരളത്തിലെ കൊറോണ ബാധ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ മന്ത്രി കെ.കെ ശൈലജ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിനുപിന്നാലെയാണു വിദ്യാർഥിനി ചികിത്സയിലുള്ള കാര്യം മന്ത്രി വ്യക്തമാക്കിയത്.

വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പെ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അതിനിടെ, ഡൽഹിയിൽ ഐസൊലേഷനിൽ നിരീക്ഷണത്തിലായിരുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവണെന്നു സ്ഥിരീകരിച്ചു.

ജയേട്ടാ, നിങ്ങളെ കണ്ട് ഞാനെന്റെ അച്ഛന്റെ സ്നേഹം ഓർത്തു; ‘അന്വേഷണം’ കണ്ട് ഐശ്വര്യ

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 170 ആയി. പുതിയതായി ആയിരത്തിലധികം ആളുകളിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കൊറോണ വൈറസ് ബാധ തടയാൻ ലോകരാജ്യങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈനയ്ക്ക് പുറമേ 18 രാജ്യങ്ങളിൽ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിർദേശം.

മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.