തൊടുപുഴ: പൂര്‍ണമായും സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുനിസിപ്പാലിറ്റി കേരളത്തിൽ വരുന്നു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനു പിന്നാലെ സോളാര്‍ വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയാകാന്‍ തൊടുപുഴ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്നു പ്ലാന്‍ ഫണ്ട് ഇനത്തില്‍ ലഭിച്ച ഒരു കോടി 75 ലക്ഷം രൂപയില്‍ ഉല്‍പ്പാദന വികസനത്തിനായി മാറ്റിവച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് നഗരസഭ സോളാര്‍ വൈദ്യുതി പദ്ധതി നടപ്പിലാക്കുന്നത്.
നിലവില്‍ നഗര സഭയുടെയും ടൗണ്‍ ഹാളിന്റെയും വഴി വിളക്കുകളുടെയും വൈദ്യുതി ചാര്‍ജ് ഇനത്തില്‍ പ്രതിമാസം 3.5 ലക്ഷം രൂപയാണ് നഗരസഭ വൈദ്യുതി ബോര്‍ഡിലേക്ക് അടയ്ക്കുന്നത്.
സോളാര്‍ വൈദ്യുതി പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ മുടക്കുന്ന ലക്ഷക്കണക്കിനു രൂപ വികസന പദ്ധതികള്‍ക്ക് ഉപയോഗിക്കാനാവും. നഗരസഭ ഓഫീസിനു മുകളിലും ടൗണ്‍ഹാളിനും കാര്‍ ഷെഡിനും മുകളിലായി സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലുകളിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പ്രത്യേകം സ്ഥാപിക്കുന്ന ട്രാന്‍സ്‌ഫോര്‍മറിലൂടെ വൈദ്യുതി ബോര്‍ഡിനു നല്‍കാനാണ് പദ്ധതി. വൈദ്യുതി ബോര്‍ഡിനു നല്‍കുന്നതില്‍ നിന്നു നഗര സഭയുടെ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള വൈദ്യുതി തിരികെ വാങ്ങും. സോളാര്‍ പാനലുകളിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കുറവാണ് നഗരസഭ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവെങ്കില്‍ ബാക്കി വൈദ്യുതിക്കുള്ള പണം വൈദ്യുതി ബോര്‍ഡ് നഗര സഭയ്ക്കു തിരികെ നല്‍കുകയും ചെയ്യും.
പദ്ധതി ഏകകണ്ഠമായാണ് നഗരസഭ നടപ്പാക്കിയതെന്നും രണ്ടു കൗണ്‍സില്‍ യോഗങ്ങള്‍ ഇതിനായി വിളിച്ചു ചേര്‍ത്തിരുന്നതായും നഗരസഭാധ്യക്ഷ സഫിയ ജബ്ബാര്‍ പറയുന്നു. നിലവില്‍ 50 കിലോവാട്ടിന്റെ സോളാര്‍ പാനലുകളാണ് വൈദ്യുതി പദ്ധതിക്കായി ഉപയോഗിക്കുന്നത്. നഗരസഭയിലെ വിവിധ ഓഫീസുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവു തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നഗരസഭയിലെ വിവിധ ഓഫീസുകളില്‍ കണക്കെടുപ്പു നടത്തിയിരുന്നു. ഈ കണക്കെടുപ്പില്‍ ലഭിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ വൈദ്യുതി വകുപ്പ് നഗര സഭയ്ക്കു കൈമാറും. അടുത്ത പത്തുദിവസത്തിനുള്ളില്‍ സോളാര്‍ വൈദ്യുതിയിലേക്കു നഗരസഭയുടെ പ്രവര്‍ത്തനം മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും നഗരസഭാധ്യക്ഷ വ്യക്തമാക്കുന്നു.