പാലക്കാട്: പാലക്കാട് ഐഐടിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിന്റെ ബിരുദദാനം ഇന്ന് നടന്നു. 101 വിദ്യാര്‍ത്ഥികളാണ് ബിരുദം നേടിയത്. ഇതില്‍ 64 പേര്‍ക്കും ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ജോലി ഉറപ്പായെന്നാണ് ഡയറക്ടര്‍ ഡോ.പി.ബി സുനില്‍കുമാര്‍ അറിയിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു കോണ്‍വോക്കേഷന്‍ ചടങ്ങ്.
കഞ്ചിക്കോട്ടെ ഐഐടി ക്യാമ്പസിലാണ് ബിരുദദാന ചടങ്ങ് നടന്നത്. 12 വിദ്യാര്‍ത്ഥികള്‍ മലയാളികളാണ്. ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ.ജി.സതീഷ് റെഡ്ഡി ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. നാല് വര്‍ഷം മുമ്പ് ഐഐടി പാലക്കാട് ക്യാമ്പസ് ആരംഭിച്ചത്. നിലവില്‍ അഹല്യയിലും കഞ്ചിക്കോട്ടെ ട്രാന്‍സിസ്റ്റ് ക്യാമ്പസിലുമാണ് പ്രവര്‍ത്തനം.
101 ബിടെക് വിദ്യാര്‍ത്ഥികളും രണ്ട് മാസ്റ്റര്‍ ഓഫ് സയന്‍സ് വിദ്യാര്‍ത്ഥികളുമാണ് ഈ ബാച്ചില്‍ പുറത്തിറങ്ങുന്നത്. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 62 സ്ഥാപനങ്ങള്‍ തൊഴില്‍ നല്‍കാന്‍ തയ്യാറായിരുന്നു. ജോലി വാഗ്ദാനം ലഭിച്ച 64 പേരില്‍ 57 പേര്‍ ജോലി സ്വീകരിച്ചു.
അതേസമയം, പുതിയ അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം പൂര്‍ത്തിയായി. കേരളത്തില്‍ നിന്നുള്ള 27 പേരടക്കം 176 പേര്‍ക്ക് പ്രവേശനം ലഭിച്ചു. ഓഗസ്റ്റ് ഒന്നിനായിരിക്കും പുതിയ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിക്കുക.