കാഞ്ഞങ്ങാട്: ഉദുമ മാങ്ങാട്ട് സിപിഎം പ്രവർത്തകനായ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കോഴിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ചു. കോൺഗ്രസ് പ്രവർത്തകനായ മാങ്ങാട് ആര്യടുക്കത്തെ കുട്ടാപ്പി എന്ന് വിളിക്കപ്പെടുന്ന പ്രജിത്ത് (32) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്തെ കിണറ്റിൽ വീണ കോഴിയെ പുറത്തെടുക്കാൻ കിണറ്റിലിറങ്ങിയതായിരുന്നു പ്രജിത്ത്. തിരിച്ച് കയറുന്നതിനിടെ മുകളിലെത്തിയപ്പോൾ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.

നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചിരുന്നു. ഇവരെത്തുമ്പോഴേക്കും മൂന്ന് പേർ കിണറ്റിലിറങ്ങി. 40 അടിയോളം താഴ്‌ചയുളള കിണറ്റിലിറങ്ങിയ ഇവർക്ക് തിരികെ കയറാനും സാധിച്ചില്ല. ഫയർഫോഴ്‌സ് ആണ് എല്ലാവരെയും പുറത്തെത്തിച്ചത്.

കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോൾ പ്രജിത്തിന് ജീവനുണ്ടായിരുന്നു. നില അതീവ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മംഗലാപുരത്തെ യൂണിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് മരിച്ചത്. മാങ്ങാട്ട് ബാലകൃഷ്ണൻ വധക്കേസിലെ വിധി നാളെ വരാനിരിക്കെയാണ് ഒന്നാം പ്രതിയായ പ്രജിത്ത് മരിച്ചത്.

അപകടത്തിൽ പ്രജിത്തിന് തലയ്ക്കും നടുവിനും പരുക്കേറ്റിരുന്നു. ആറ് മാസം മുൻപാണ് പ്രജിത്തിന്റെ വിവാഹം കഴിഞ്ഞത്.

2013 സെപ്റ്റംബർ 16 ന് തിരുവോണ നാളിലായിരുന്നു മാങ്ങാട് ബാലകൃഷ്ണനെ വധിച്ചത്. മരണ വീട്ടിൽ പോയി സ്‌കൂട്ടറിൽ മടങ്ങിവരുമ്പോഴാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകരായ ശ്യാംമോഹൻ, എ.സുരേഷ്, ഉദുമ പരിയാരം സ്വദേശി ശ്രീജയൻ, രഞ്ജിത് മാങ്ങാട്, ഷിബു കടവങ്ങാനം, മജീദ് എന്നിവരാണ് പ്രതികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ