തിരുവനന്തപുരം: തലസ്ഥാനത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്സിന്‍റെ നിര്‍മാണ യൂണിറ്റിലുണ്ടായ അഗ്നിബാധയെ കുറിച്ച് അന്വേഷിക്കാൻ അഗ്നിശമന സേനാ മേധാവി എ.ഹേമചന്ദ്രന്റെ ഉത്തരവ്. ഫാമിലി പ്ലാസ്റ്റിക്സിൽ ഏറ്റവും ചുരുങ്ങിയത് 500 കോടിയുടെ നഷ്‌ടമുണ്ടായെന്നാണ് ഉടമ വെളിപ്പെടുത്തിയിരിക്കുന്നത്.

തീ പൂർണ്ണമായും നിയന്ത്രണ വിധേയമായി. നാല് നില കെട്ടിടം മുഴുവനായും കത്തിനശിച്ചു. ഇത് ഏത് നിമിഷവും നിലംപൊത്തിയേക്കുമെന്ന നിലയിലാണ്. ബുധനാഴ്ച രാത്രി ഏഴ് മണിക്ക് ശേഷമാണ് ഗോഡൗണിൽ തീ പിടിച്ചത്. ഇന്നലെ രാത്രി കത്തിപ്പടർന്ന തീ ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷാ സേന നിയന്ത്രിച്ചത്.

കെട്ടിടത്തിന് ബലക്ഷയമുണ്ട്. കനൽ പൂർണ്ണമായും അണയുന്നത് വരെ അഗ്നിരക്ഷാ സേന ഇവിടെ തുടരും. രാവിലെ സെൽഫിയെടുക്കാനെത്തിയ പ്രദേശവാസികളെ കൊണ്ടുളള തിരക്കാണ് ഇവിടെ.

അപകടത്തിൽ ആശങ്ക ഒഴിഞ്ഞതായി മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു. തീപിടിച്ചത് പെട്രോകെമിക്കൽസ് ഉൽപ്പന്നങ്ങൾക്കായതിനാൽ ഇവ വീണ്ടും കത്താനുളള സാധ്യതയുണ്ട്. അതിനാൽ അഗ്നിബാധയുളള സ്ഥലത്തേക്ക് ജനങ്ങൾ പോകരുതെന്ന് മന്ത്രി പറഞ്ഞു.

രാത്രി ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചതിനാലാണ് വലിയ അപകടം ഒഴിഞ്ഞത്. പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് പേരെ ആശുപത്രിയിലാക്കി. ആരും അപകടത്തിൽ പെട്ടിട്ടില്ലെന്നാണ് വിവരം.

തീയണക്കാൻ വിമാനത്താവളത്തിൽ നിന്നടക്കം ഫയർ യൂണിറ്റെത്തി. അമ്പതോളം ഫയർ യൂണിറ്റാണ് ഇന്നലെ ഒറ്റ രാത്രി തീയണക്കാൻ പരിശ്രമിച്ചത്. അപകടം നടന്ന സ്ഥലത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ വിദ്യാലയങ്ങൾക്ക് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.

അഗ്നിരക്ഷാ സേന ഇപ്പോഴും കെട്ടിടത്തിനകത്തേക്ക് വെളളം ചീറ്റുന്നുണ്ട്. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കത്തിയതോടെ വന്‍തോതില്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം വമിക്കുന്നുണ്ട്. ഫാമിലി പ്ലാസ്റ്റിക്സിന്‍റെ നാല് കെട്ടിട്ടങ്ങളാണ് മണ്‍വിളയിലുള്ളത്. അഗ്നിബാധ മൂലം അഞ്ഞൂറ് കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.