സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധിച്ച രാഷ്‌ട്രീയ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ, കോൺഗ്രസ് എംഎൽഎ വി.എസ്.ശിവകുമാർ എന്നിവരുൾപ്പെടെ അമ്പതിലേറെ പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കലാപത്തിനു ശ്രമം, ജോലി തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം എട്ട് കേസുകളാണെടുത്തിരിക്കുന്നത്.

പ്രതിഷേധങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ പ്രത്യാഘാതം വലുതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രണ്ടുദിവസമായി നടക്കുന്ന പ്രതിഷേധങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രതിഷേധ പരിപാടികളും സമരങ്ങളും ഹെെക്കോടതി വിലക്കിയിട്ടുണ്ട്. എന്നാൽ, സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ തുടർന്ന് കോൺഗ്രസും ബിജെപിയും തിരുവനന്തപുരത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു.

പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെയാണ് തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാനുള്ള സാധ്യതയാണുള്ളത്. അവരില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്കും മുതിര്‍ന്നവരിലേക്കും പകരാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചാല്‍ സ്ഥിതി അതിസങ്കീര്‍ണമാകും. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അവരോടുംകൂടി ചെയ്യുന്ന ക്രൂരതയാണ്. ദുരന്ത നിവാരണ നിയമമനുസരിച്ചും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ചും ഇത് കുറ്റകരവുമാണ്. ജാഗ്രത പാലിച്ചില്ലെങ്കില്‍ പോസിറ്റീവ് കേസുകളുടെ എണ്ണവും മരണനിരക്കും വന്‍ തോതില്‍ വര്‍ധിക്കാന്‍ ഇടയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കെ.സുരേന്ദ്രനെതിരെ അന്വേഷണത്തിനു തീരുമാനം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനുള്ളിൽ കടന്നതില്‍ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രന്‍ അകത്ത് കടന്നത് സുരക്ഷാവീഴ്‌ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിൽ അറിയിച്ചു. ചീഫ് സെക്രട്ടറി ഓഫീസില്‍ നിന്നെത്തും മുന്‍പ് സുരേന്ദ്രന്‍ എത്തിയത് സംശയാസ്‌പദമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

Read Also: ഭൂതപ്രേത പിശാചുക്കളെ പേടിയായിരുന്നു, ചെറുപ്പത്തിൽ സ്വാധീനിച്ചത് അമ്മയുടെ കഥകൾ: പിണറായി

 

തീപിടിത്തം ഫാനിൽ നിന്ന്

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത് ഫാനിൽ നിന്നെന്ന് പൊതുമരാമത്ത് വിഭാഗത്തിന്റെ റിപ്പോർട്ട്. അടച്ചിട്ട മുറിയിലെ വോൾ ഫാൻ ചൂടായി പ്ലാസ്‌റ്റിക് ഉരുകി സമീപത്തെ കർട്ടനിലേക്കും ഷെൽഫിലേക്കും പേപ്പറിലേക്കും വീണതാണ് പൊതുഭരണവകുപ്പ് പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തത്തിനു കാരണമെന്ന് പിഡബ്‌ള്യുഡി കെട്ടിടവിഭാഗം ചീഫ് എൻജീനയറുടെ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ മുഖ്യമന്ത്രിക്ക് കൈമാറി.

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് തന്നെയെന്ന് വിദഗ്‌ധ സംഘത്തിന്റെ പ്രാഥമിക നിഗമനത്തിലും പറയുന്നു. ദുരന്തനിവാരണ കമ്മീഷണർ എ.കൗശിഗന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘമാണ് സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായ സ്ഥലം പരിശോധിച്ചത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്നു രാവിലെ സെക്രട്ടറിയേറ്റിൽ എത്തി.

ഇ.പി.ഉണ്ണിയുടെ കാർട്ടൂൺ (ഇന്ത്യൻ എക്‌സ്‌പ്രസ്)

ഫോറൻസിക് സംഘവും ഫിംഗർ പ്രിന്റ് വിദഗ്‌ധരും സംഭവസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചു. ഫാനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് ഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് അന്വേഷണ സംഘം അറിയിച്ചു. അട്ടിമറി സാധ്യതയുൾപ്പെടെ വിദഗ്‌ധ സംഘം പരിശോധിക്കും.

കേരള സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ പ്രധാനപ്പെട്ട ഫയലുകൾ നശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീ.സെക്രട്ടറി പി.ഹണി ഇന്നലെ പറഞ്ഞിരുന്നു. “റസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ചില ഫയലുകൾ മാത്രമാണ് ഭാഗികമായി കത്തിനശിച്ചത്. സുപ്രധാന ഫയലുകളെല്ലാം ഇ-ഫയൽ രൂപത്തിലാണ്. കംപ്യൂട്ടർ കത്തിനശിച്ചാൽ പോലും അത്തരം ഫയലുകൾ തിരിച്ചെടുക്കാനുള്ള സംവിധാനമുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലം ഇതിനു മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. തീപിടിത്തമുണ്ടായ സമയത്ത് തന്നെ അത് അണയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അടിയന്തര സാഹചര്യമൊന്നും ഇപ്പോൾ ഇല്ല,” പി.ഹണി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.