കോഴിക്കോട് നല്ലളത്ത് താൽക്കാലിക ഷെഡിലുണ്ടായ സ്ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി മാധ്യമപ്രവർത്തകയുടെ വീഡിയോ.  മാധ്യമപ്രവർത്തകയുടെ വീട്ടിന് സമീപത്തെ ഷെഡിലുണ്ടായ തീപ്പിടുത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെ വീണ്ടും പൊട്ടിത്തെറിയുണ്ടായി തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. വീട്ടിൽ ആളില്ലാത്ത സമയത്താണ് സ്ഫോടനമെന്നാണ് പ്രാഥമിക വിവരം.

മാധ്യമപ്രവർത്തകയായ വിപി റജീനയാണ് ഈ ഭീതിതമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കോഴിക്കോട് കോർപറേഷൻ പരിധിയിലെ നല്ലളം കിഴുവനപ്പാടത്ത് കമലയുടെ വീട്ടിനോട് അനുബന്ധിച്ചുള്ള ഷെഡിൽ ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം . വീട് നിർമാണത്തിനിടെ താൽക്കാലികമായി താമസിക്കുന്നതിന് നിർമിച്ച ഷെഡിലാണ് തീപ്പിടിത്തം. അപകടം നടക്കുന്ന സമയത്ത് വീട്ടുകാർ അകത്തില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.

തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപ്പിടിത്തത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമെന്നാണ് വീഡിയോയിലെ സംഭാഷണങ്ങളിൽ മനസ്സിലാവുന്നത്.

സംഭവസ്ഥലത്തേക്കുള്ള വഴികൾ വളരെ ഇടുങ്ങിയതായതിനാൽ അഗ്നിശമന വാഹനങ്ങൾക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാനായില്ലെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരാണ് തീ യന്ത്രണ വിധേയമാക്കിയത്. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ് സംഘം പോർട്ടബിൾ വാട്ടർ മിസ്റ്റ് ഉപയോഗിച്ച് തീ പൂർണ്ണമായും അണച്ചിട്ടുണ്ട്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ലെന്നും നഷ്ടം കണക്കാക്കിയിട്ടില്ലെന്നും ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.സ്റ്റേഷൻ ഓഫീസർ പി വി വിശ്വാസിൻ്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഫയർഫോഴ്സ് വാഹനങ്ങൾക്ക് എത്തിച്ചേരാൻ പറ്റാത്തിടത്താണ് തീപ്പിടിത്തമുണ്ടായ ഷെഡ്. ഇതിനാൽ മിനി യൂണിറ്റ് ഉപയോഗിച്ചാണ് തീയണക്കാനുള്ള പ്രവർത്തനം നടത്തുന്നതെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കി.  സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാവുന്നതേയുള്ളൂ. വീട് നിർമിക്കുന്നതിനിടെയാണ് കമലയും കുടുംബവും താൽക്കാലിക ഷെഡിലേക്ക് താമസം മാറിയത്.

സംഭവത്തിന്റെ പ്രാഥമിക വിവരങ്ങൾ മാത്രമാണ് ലഭ്യമായത്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് വാർത്തയിൽ ചേർക്കുന്നതായിരിക്കും. 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.