കൊച്ചി: കേരളത്തെ ഞെട്ടിച്ച എറണാകുളം കളത്തിപ്പറമ്പ് റോഡിലെ പാരഗൺ കെട്ടിടത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാസേനയും കൊച്ചി നഗരസഭയും രണ്ട് തട്ടിൽ. പാരഗൺ ടവേർസ് ലൈസൻസ് പുതുക്കിയില്ലെന്ന് അഗ്നിരക്ഷാസേന ആരോപിച്ചപ്പോൾ, എല്ലാ സർട്ടിഫിക്കറ്റും കെട്ടിടത്തിനുണ്ടെന്നാണ് മേയർ സൗമിനി ജെയിൻ പറഞ്ഞത്.

പാരഗണിന്റെ സഹോദര സ്ഥാപനമായ ഫാൽക്കൺ ഏജൻസീസിന്റെ ഓഫീസാണ് അഗ്നിക്കിരയായത്. ഈ കെട്ടിടം മൊത്ത വിതരണ കേന്ദ്രമാണെന്ന് റീജണൽ ഫയർ ഓഫീസർ പി. ദിലീപൻ പറഞ്ഞു. “മെർക്കന്റയിൽ കം റസിഡൻഷ്യൽ പെർമിറ്റാണ് ഇവർക്ക് 2006 ൽ അനുവദിച്ചത്. ഉപഭോക്താക്കൾ വന്ന് സാധനങ്ങൾ വാങ്ങിപ്പോകുന്ന കടയ്ക്കുളള സർട്ടിഫിക്കറ്റായിരുന്നു ഇത്. പക്ഷെ മൊത്ത വിതരണ കേന്ദ്രമായാണ് ഇവർ പ്രവർത്തിച്ചത്. വർഷം 2250 രൂപ മാത്രമാണ് ലൈസൻസ് പുതുക്കാനുളള തുക. അതും അവർ ചെയ്തില്ല,” ദിലീപൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

അതേസമയം ഫയർ ആന്റ് സേഫ്റ്റി വിഭാഗത്തിന്റെ എല്ലാ പ്രസ്താവനകളും മേയർ സൗമിനി ജെയിൻ തളളി. 2018-19 ലും പാരഗൺ കമ്പനി കെട്ടിടത്തിന്റെ എല്ലാ ലൈസൻസും പുതുക്കിയതാണെന്ന് മേയർ പറഞ്ഞു. “2018-19 ലേക്ക് സ്ഥാപനം പ്രവർത്തിക്കുന്നതിനുളള ലൈസൻസിന് അവർ അപേക്ഷിച്ചിട്ടുണ്ട്. അവർ എല്ലാ സർട്ടിഫിക്കറ്റുകളോടും കൂടിയാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയ്ക്ക് മാത്രമാണ് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്. മറ്റെല്ലാ നിലകളും കമേർഷ്യൽ സർട്ടിഫിക്കറ്റാണ്,” മേയർ സൗമിനി ജെയിൻ പറഞ്ഞു.

അതേസമയം മുൻപ് മാനേജർ ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്നും അതിനാലാണ് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വാങ്ങിയതെന്നും പാരഗൺ കമ്പനിയുടെ പ്രതിനിധികൾ പറഞ്ഞു. “ഇപ്പോഴദ്ദേഹം ഇവിടെ അടുത്ത് തന്നെ ഫ്ലാറ്റിലാണ് താമസം. തീപടർന്നതിന്റെ യഥാർത്ഥ കാരണം ഞങ്ങൾക്ക് അറിയില്ല. ജനറേറ്ററിൽ നിന്നാണെന്ന് കരുതുന്നില്ല. ജനറേറ്റർ സ്ഥാപിച്ചത് കെട്ടിടത്തിന് പുറകിലാണ്. എല്ലാ ഭാഗത്തും നിയമാനുസൃതം സ്ഥലം വിട്ടിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കൃത്യമായി നികുതിയടച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്,” പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കമ്പനിയുടെ പ്രതിനിധി പറഞ്ഞു.

“പൊലീസിനും മറ്റ് വിഭാഗങ്ങൾക്കും പരാതി നൽകാനാണ് പോകുന്നത്. നഷ്ടം എത്രയുണ്ടെന്ന് കണക്കെടുത്താൽ മാത്രമേ പറയാനാകൂ. ഞങ്ങളുടെ പക്കലുളള എല്ലാ സർട്ടിഫിക്കറ്റുകളും എല്ലാവരെയും കാണിക്കും. പകർപ്പുകൾ നൽകും,” എന്നും പറഞ്ഞ കമ്പനി പ്രതിനിധി പക്ഷെ അഗ്നിരക്ഷാസേനയ്ക്ക് എതിരെ പരാതി നൽകാനില്ലെന്നും അറിയിച്ചു.

അതേസമയം കൊച്ചിയിൽ കൃത്യമായി ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ് പുതുക്കാത്ത നൂറ് കണക്കിന് കെട്ടിടങ്ങളുണ്ടെന്ന് ദിലീപൻ പറഞ്ഞു. ഇവയുടെ വിവരങ്ങൾ കൃത്യമായി നഗരസഭയെ അറിയിക്കാറുണ്ടെന്നും നടപടിയെടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ശരിവച്ച മേയർ പക്ഷെ പല കെട്ടിടങ്ങളും കേസിലാണെന്നും പറഞ്ഞു. ശേഷിച്ച കെട്ടിടങ്ങളുടെ കാര്യത്തിൽ ബജറ്റിന് ശേഷം പരിശോധനകളും നടപടികളും ഉണ്ടാകുമെന്നും അവർ അറിയിച്ചു.

പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന് പ്രതിപക്ഷം

അതേസമയം പാരഗൺ ടവേർസ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക കൗൺസിൽ യോഗം വിളിച്ച് വിഷയം ചർച്ച  ചെയ്യണമെന്നാണ് സിപിഎം നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് കെജെ ആന്റണി, നഗരസഭാ കൗൺസിലിലെ സിപിഎം നേതാവ് വിപി ചന്ദ്രൻ എന്നിവർ മേയർ സൗമിനി ജയിനിന് കത്ത് നൽകി.

ബജറ്റ് കാര്യങ്ങൾ ആലോചിക്കാൻ ഇന്ന് സ്റ്റിയറിങ് കമ്മിറ്റി വിളിച്ചിരുന്നു. ഈ യോഗത്തി പാരഗൺ ടവേർസ് തീപിടിത്തവും ചർച്ചയായി. എന്നാൽ പാരഗൺ ടവറിന്റെ ഫയൽ കാണാനില്ലെന്ന മറുപടിയാണ് വകുപ്പ് മേധാവിയുടെ ഭാഗത്ത് നിന്ന് ലഭിച്ചതെന്ന് കെജെ ആന്റണി പറഞ്ഞു. “പാരഗൺ ടവറിന് കമേർഷ്യൽ കം റസിഡൻഷ്യൽ ലൈസൻസാണ് നൽകിയത്. ഈ കെട്ടിടം ഗോഡൗണായാണ് പ്രവർത്തിക്കുന്നത്. കമേർഷ്യൽ എന്ന വിഭാഗത്തിൽ പെടുത്താവുന്ന കെട്ടിടമല്ല ഇത്. അപകടം ഉണ്ടായിക്കഴിഞ്ഞ് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഫയലുകൾ കാണാനില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഭരണവീഴ്ച മറച്ചുവയ്ക്കാനാണ് മേയർ സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് പറയുന്നത്,” ആന്റണി ആരോപിച്ചു.

പാരഗണിന്റേതടക്കം നഗരത്തിൽ പല കെട്ടിടങ്ങളും കാറ്റ് പോലും അകത്ത് കടക്കാത്ത ചില്ല് ഗോപുരമാണെന്ന് അദ്ദേഹം ആരോപിച്ചു. “ആദ്യം ഒരു നിലയ്ക്ക് എൻഒസി വാങ്ങും. വർഷാവർഷം ഇത് പുതുക്കും. അതിനിടയിൽ നാലും അഞ്ചും നിലകൾ കെട്ടി ഉയർത്തും. എന്നാൽ സ്ഥലത്തെത്തി പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുന്ന പതിവ് ഇല്ല. അതിനാൽ തന്നെ എല്ലാം തോന്നുംപടിയാണ് നടക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.