കൊച്ചി: തീരത്തിന് 15 നോട്ടിക്കൽ മൈലോളം അകലെ ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. ഒരാൾക്ക് അതീവ ഗുരുതരമായി പരുക്കേറ്റെന്നാണ് ദക്ഷിണ നാവിക സേനയിൽ നിന്ന് ലഭിക്കുന്ന വിവരം. രക്ഷാപ്രവർത്തനത്തിനായി ദക്ഷിണ നാവികസേന സംഘം ഇവിടെയെത്തി.
ഇന്ത്യൻ കപ്പലായ എംവി നളിനിക്കാണ് തീപിടിച്ചത്. കപ്പലിൽ 20 ലേറെ ജീവനക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പരുക്കേറ്റയാളുടെ ശരീരത്തിൽ 80 ശതമാനത്തിലേറെ പൊളളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇയാളെ രാത്രി 10 മണിയോടെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാഫ്‌തയുമായി ഗുജറാത്തിലെ മുന്ദ്രയിൽ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോയ കപ്പലാണ് കൊച്ചി തീരത്തിനടുത്ത് അപകടത്തിൽ പെട്ടത്. എൻജിൻ റൂമിൽ പൊട്ടിത്തെറിയോടെയാണ് അപകടം ഉണ്ടായത്. ദക്ഷിണ നാവിക സേനയുടെ അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്റർ ഇവിടേക്ക് രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു.
സീ കിങ് ഹെലികോപ്റ്റർ ഉടനെ അപകടസ്ഥലത്തേക്ക് തിരിക്കുമെന്ന് ദക്ഷിണ നാവിക സേന വക്താവ് ശ്രീധർ വാര്യർ അറിയിച്ചു. അതേസമയം കോസ്റ്റ് ഗാർഡിന്റെ ചാർലി ബോട്ടും കപ്പൽ നങ്കൂരമിട്ടിരിക്കുന്ന ഭാഗത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ നൗകയും ഇങ്ങോട്ടേക്ക് പുറപ്പെട്ടു. തീ നിയന്ത്രണ വിധേയമായതായാണ് വിവരം.