കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ ഉണ്ടായ തീപിടിത്തത്തിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് കളക്ടർ മാലിന്യ പ്ലാന്‍റ് സന്ദർശിച്ചു. വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രിയുടെ ഓഫിസ് കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്തത് മൂലം കൊച്ചി നഗരത്തില്‍ പലയിടത്തും പുകയാണ് രാവിലെ അനുഭവപ്പെട്ടത്. നൂറ് മീറ്റര്‍ അകലെയുള്ളത് പോലും വ്യക്തമായി കാണാന്‍ സാധിക്കാത്ത വിധം പുക നിറഞ്ഞിരിക്കുകയാണ്. കണ്ണെരിച്ചിലും അനുഭവപ്പെടുന്നുണ്ട്.

അമ്പലമുകള്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്ക് മറൈന്‍ ഡ്രൈവ് വരെ പുക മൂടിയ നിലയിലാണ്. വൈറ്റില, കടവന്ത്ര, മരട്, പനമ്പിളളി നഗര്‍, ഇളംകുളം തുടങ്ങിയ പ്രദേശങ്ങളില്‍ പുകവ്യാപിച്ചു. ആളുകള്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്. ഇന്നലെയാണ് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്.

അതേസമയം, വെയില്‍ തെളിഞ്ഞതോടെ പുക കുറഞ്ഞിട്ടുണ്ട്. തീ നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വെെകിട്ടോടെ പൂർണമായും നിയന്ത്രണ വിധേയമാക്കാനാകുമെന്നും ജില്ലാ കളക്ടർ മുഹമ്മദ് വെെ സഫീറുള്ള പ്രതീക്ഷ പ്രകടിപ്പിച്ചു. തീ പിടിത്തത്തിന് പിന്നിലെ കാരണം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുക ശ്വസിച്ചതിലൂടെ ആരോഗ്യ പ്രശ്നം നേരിടുന്നവർക്ക് വെെദ്യ സഹായം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് നാലാം വട്ടമാണ് തീപിടിത്തമുണ്ടാകുന്നത്. ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ തീപിടിത്തമാണ് ഇന്നലെയുണ്ടായത്. അതേസമയം, അടിക്കടിയുണ്ടാകുന്ന തീപിടിത്തതിന് പിന്നില്‍ സംശയമുണ്ടെന്ന് മേയര്‍ സൗമിനി ജെയ്ന്‍ പറഞ്ഞു. അടിയന്തര അന്വേഷണം വേണമെന്നും മേയര്‍ പറഞ്ഞു.

നിത്യേന ടണ്‍ കണക്കിന് മാലിന്യമാണ് കൊച്ചി കോര്‍പ്പറേഷന് കീഴിലെ പ്ലാന്റിലെത്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യമായതിനാല്‍ തന്നെ തീ അണഞ്ഞാലും പുകഞ്ഞു കൊണ്ടിരിക്കുകയാണ്. പ്രളയ സമയത്തെ മാലിന്യങ്ങളടക്കം ഇവിടെയായിരുന്നു നിക്ഷേപിച്ചിരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും വസ്ത്രങ്ങളും മറ്റുമാണ് കൂടുതലായും ഇവിടെയുള്ളത്.

പുക പടരുന്നത് നഗരവാസികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമീപത്തു കൂടിയാണ് ഗെയില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. ഇത് അപകടഭീതിയുയര്‍ത്തുന്നു. പ്ലാന്റിന്റെ പരിസരത്തു തന്നെയാണ് എഫ്എസിറ്റി, പിഎസ്‌യു ഫെര്‍ട്ടിലൈസര്‍ ഫാക്ടറി, ബിപിസിഎല്‍ കൊച്ചി റിഫൈനറി തുടങ്ങിയവ സ്ഥിതി ചെയ്യുന്നത്. സ്മാര്‍ട്ട് സിറ്റി, ഇന്‍ഫോ പാര്‍ക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയും സമീപത്തുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ