കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. മെഡിക്കല്‍ കോളജിനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
ഉച്ചതിരിഞ്ഞ് ഒന്നേകാലോടെയായിരുന്നു തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തുടർന്ന് ഏകദേശം പത്ത് മിനുറ്റിനു ശേഷം കെട്ടിടത്തിനുള്ളില്‍നിന്ന് പൊട്ടിത്തെറിയുണ്ടായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തീ നിയന്ത്രണ വിധേയമാക്കിയശേഷം ഉദ്യോഗസ്ഥര്‍ കെട്ടിടത്തിനുള്ളില്‍ കയറി പരിശോധന ആരംഭിച്ചു. ആറ് ഉദ്യോഗസ്ഥരാണു പരിശോധനയ്ക്കായി കെട്ടിടത്തിനകത്തു പ്രവേശിച്ചതെന്നാണു വിവരം.
മെഡിക്കല്‍ കോളജിലെ കാൻസർ വാര്‍ഡ് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നത് തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ സമീപത്താണ്. അടുത്തുള്ള കെട്ടിടങ്ങളിലെ രോഗികളെ പൂര്‍ണമായും മാറ്റി. മുന്‍കരുതല്‍ നടപടിയായാണു രോഗികളെ മാറ്റിയത്.