തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആരോപണവുമായി മന്ത്രി ഇ.പി.ജയരാജൻ. തീപിടിത്തമുണ്ടായ ഉടനെയുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവന ദുരൂഹമെന്ന് ജയരാജൻ പറഞ്ഞു. “സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ ഉടന്‍ പ്രതിപക്ഷ നേതാവ് ഗവണ്‍മെന്റിനെതിരെ ആരോപണവുമായി രംഗത്തുവന്നത് ദുരൂഹമാണ്. ഈ സംഭവത്തില്‍ അദ്ദേഹത്തിന്റെ എടുത്തുചാടിയുള്ള പ്രസ്‌താവന സംശയം ഉയര്‍ത്തുന്നു.” ഇ.പി.ജയരാജൻ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. പൊതുഭരണവകുപ്പിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് സംഭവത്തിനു തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.

തീപിടിത്തത്തിൽ എൻഐഎ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. “കോൺഗ്രസ് പ്രതിനിധികളെ അകത്തേക്ക് കയറ്റിവിടണം. തെളിവുകൾ നശിപ്പിക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണ് സെക്രട്ടറിയേറ്റിലെ തീപിടിത്തം. കേരള പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. ഇതുകൂടി എൻഐഎ അന്വേഷിക്കണം. തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് കയറ്റിവിടാൻ അനുവദിക്കണം. ഇല്ലെങ്കിൽ കുത്തിയിരുന്ന് പ്രതിഷേധിക്കും” ചെന്നിത്തല പറഞ്ഞു.

Read Also: ഫയലുകൾ സുരക്ഷിതം, അടിയന്തര സാഹചര്യമില്ല: അഡീ.സെക്രട്ടറി

അതേസമയം, കേരള സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ പ്രധാനപ്പെട്ട ഫയലുകൾ നശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീ.സെക്രട്ടറി പി.ഹണി. “റസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ചില ഫയലുകൾ മാത്രമാണ് ഭാഗികമായി കത്തിനശിച്ചത്. സുപ്രധാന ഫയലുകളെല്ലാം ഇ-ഫയൽ രൂപത്തിലാണ്. കംപ്യൂട്ടർ കത്തിനശിച്ചാൽ പോലും അത്തരം ഫയലുകൾ തിരിച്ചെടുക്കാനുള്ള സംവിധാനമുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലം ഇതിനു മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. തീപിടിത്തമുണ്ടായ സമയത്ത് തന്നെ അത് അണയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അടിയന്തര സാഹചര്യമൊന്നും ഇപ്പോൾ ഇല്ല,” പി.ഹണി പറഞ്ഞു.

തീപിടിത്തമുണ്ടായ സമയത്ത് സെക്രട്ടറിയേറ്റിൽ ഒരു യോഗത്തിലായിരുന്ന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും സംഭവസ്ഥലത്തേക്ക് എത്തി. തീപിടിത്തമുണ്ടായതിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും ഒന്നും മറച്ചുവയ്‌ക്കാനില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. അതേസമയം, സെക്രട്ടേറിയേറ്റിനു സമീപം പ്രതിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സെക്രട്ടേറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ചു.

Read Also: ഭൂതപ്രേത പിശാചുക്കളെ പേടിയായിരുന്നു, ചെറുപ്പത്തിൽ സ്വാധീനിച്ചത് അമ്മയുടെ കഥകൾ: പിണറായി

സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗം ഓഫീസിലാണ് ഇന്നു വെെകീട്ട് 4.45 ഓടെ തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. നോർത് സാൻഡ്‌വിച്ച് കെട്ടിടത്തിലെ രണ്ടാം നിലയിലാണ് പ്രോട്ടോകോൾ വിഭാഗം പ്രവർത്തിക്കുന്നത്.

പൊളിറ്റിക്കൽ വിഭാഗത്തിൽ ഇന്നു രണ്ട് ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. കംപ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി പി ഹണി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook