കോഴിക്കോട്: കോഴിക്കോട് പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സിൽക്സിൽ തീപിടിത്തം. ഇന്നു രാവിലെ 6.15 ഓടെയാണ് തീ പടർന്നത്. 20 ഫയർ യൂണിറ്റുകളെത്തി മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. നാട്ടുകാരാണ് തീപിടിക്കുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകള്‍ ഉരുകി താഴേയ്ക്ക് വീണതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം.
അതേസമയം, തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച മേയർ ബീന ഫിലിപ്പ് ആരോപിച്ചു. എന്നാൽ, മേയറുടെ ആരോപണം ജീവനക്കാർ തള്ളി. കട അടച്ചശേഷം ആരും അകത്തില്ലെന്ന് ഉറപ്പുവരുത്തിയതാണെന്നും മേയര്‍ ദുരൂഹത ആരോപിച്ചതിന്‍റെ കാരണം അറിയില്ലെന്നും മാനേജര്‍ ജയകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.