കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ കനത്ത പുക. നഗരത്തിന്റെ സമീപപ്രദേശങ്ങളിലും പുക വ്യാപിച്ചിട്ടുണ്ട്. വാഹന ഗതാഗതവും ദുഷ്കരമായിട്ടുണ്ട്. തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാത്രിയിൽ കൂടുതൽ അഗ്നിരക്ഷ യൂണിറ്റുകൾ എത്തിച്ചെങ്കിലും തീ അണയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല. തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവരോട് വിശദ റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കുറച്ചുദിവസം തീ പുകഞ്ഞുകൊണ്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുവാനും കോര്‍പറേഷന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു.
ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങുന്ന കൂനയ്ക്ക് തീപിടിച്ചത്. ശക്തമായ കാറ്റിൽ കൂടുതൽ മാലിന്യങ്ങളിലേക്ക് തീ പടരുകയായിരുന്നു. സംഭവത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.
ഇതിനു മുൻപും മാലിന്യ പ്ലാന്റിൽ തീപിടിത്തം ഉണ്ടായിട്ടുണ്ട്. അന്ന് മൂന്നു ദിവസത്തിലേറെ സമയമെടുത്താണ് തീ പൂർണമായും അണച്ചത്.