കൊച്ചി: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കേരള സര്‍ക്കാരിന്റെ പോരാട്ടങ്ങള്‍ക്ക് കനത്ത തിരിച്ചടി. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ചിന്റെ രണ്ട് എഫ്ഐആറുകളും റദ്ദാക്കാനും ഉത്തരവിട്ടു. കേസുകൾ ക്രമപ്രകാരമല്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. ഒരു ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ മറ്റൊരു ഏജന്‍സി ഇടപെടുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സ്വപ്ന സുരേഷിന്റേയും സമാനമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസ്. രണ്ട് കേസുകളുടേയും എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസിന്റെ തുടര്‍നടപടികളും റദ്ദാക്കിയിട്ടുണ്ട്.
Read More: അനധികൃത സ്വത്ത് സമ്പാദന കേസ്: കെ. എം.ഷാജി വിജിലൻസിന് മുന്നിൽ
എന്നാല്‍ സന്ദീപ് നായരുടെ കത്തിലെ വെളിപ്പെടുത്തലുകള്‍ ഗൗരവതരമെന്നും കോടതി പറഞ്ഞു. ഇത് അന്വേഷിക്കേണ്ടതാണെന്നും കത്ത് പരിശോധിച്ച് വിചാരണ കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. സന്ദീപിന്റെ പരാതിയിൽ പ്രത്യേക കോടതിക്ക് നടപടി തുടരാം.
ക്രൈംബ്രാഞ്ച് എല്ലാ രേഖകളും പ്രത്യേക കോടതിക്ക് കൈമാറണം. സന്ദീപ് നായരുടെ മൊഴി ഉൾപ്പെടെ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറണമെന്നാണ് നിര്‍ദേശം. മൊഴികളുടെ അടിസ്ഥാനത്തിൽ തിരുമാനം എടുക്കേണ്ടത് ക്രൈംബ്രാഞ്ചല്ലെന്നും വിചാരണ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.