കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. ഭൂമിയിടപാട് കേസില്‍ ആലഞ്ചേരിയടക്കമുള്ളവര്‍ക്കെതിരെ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആര്‍.

ഭൂമി തിരിമറിയുമായി ബന്ധപ്പെട്ട ഐപിസി 154ാം വകുപ്പ് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ ഇടനിലക്കാരനായ സാജു വര്‍ഗ്ഗീസ് എന്നിവരെ പ്രതികളാക്കിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.

കുറ്റകരമായ ഗൂഢാലോചനയ്ക്ക് സെക്ഷന്‍ 120 ബി പ്രകാരവും വിശ്വാസ വഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകള്‍ അനുസരിച്ചുമാണ് കേസെടുത്തിരിക്കുന്നത്. ചേര്‍ത്തല സ്വദേശിയായ ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി 13.51 കോടി രൂപയ്ക്ക് വിറ്റെന്നാണ് പരാതി.

അതിരൂപതയെ വഞ്ചിച്ചെന്നും സഭയ്ക്ക് അന്യായമായസ നഷ്ടമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ പ്രതികള്‍ ഗൂഢാലോചന നടത്തിയതായും പരാതിയില്‍ പറയുന്നു. അതേസമയം, സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭ അടിയന്തിര സിനഡ് ചേരാന്‍ തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ