കൊച്ചി: കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബ് വീഡിയോയിലൂടെ വിശദീകരണവുമായെത്തിയ ഒന്നാം പ്രതി എബ്രഹാം വർഗ്ഗീസിനെതിരെ യുവതി പരാതി നല്‍കി. യുവതിയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം പരാതി സ്വീകരിച്ചത്. യൂട്യൂബിലൂടെ പ്രതി സ്വഭാവഹത്യ ചെയ്തെന്ന് കാണിച്ചാണ് യുവതിയുടെ പരാതി. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് യുവതിയുടെ പരാതി അയക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

താൻ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു യുട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയിൽ എബ്രഹാം വര്‍ഗീസ് പറഞ്ഞത്. എബ്രഹാം വർഗ്ഗീസിനായുളള ക്രൈംബ്രാഞ്ച് തിരച്ചിൽ നടക്കുന്നതിനിടെയാണ് യുട്യൂബിലൂടെ വീഡിയോ പുറത്തുവന്നിട്ടുളളത്. പിന്നീട് ഈ വീഡിയോ പിന്‍വലിക്കുകയും ചെയ്തു.

ബലാത്സംഗം നടന്നുവെന്ന് പറയുന്ന തീയതികളിലൊന്നും സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് എബ്രഹാം വർഗ്ഗീസ് വീഡിയോയിൽ പറയുന്നു. താൻ ബലാത്സംഗം ചെയ്തുവെന്ന് യുവതി ആരോപിക്കുന്ന സമയത്ത് ആന്ധ്രപ്രദേശിൽ വൈദിക പഠനത്തിലായിരുന്നു. 16-ാം വയസ്സിൽ ബലാത്സംഗം ചെയ്തുവെന്ന് പറയുന്ന സമയത്തും കോട്ടയത്ത് വൈദിക പഠനത്തിലായിരുന്നു. യുവതിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വീഡിയോയിൽ എബ്രഹാം വർഗ്ഗീസ് വ്യക്തമാക്കി. മാത്രമല്ല യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യുവതിയുടെ കുടുംബത്തെ അപമാനിക്കുന്ന തരത്തിലുളള പ്രസ്താവനയും എബ്രഹാം വർഗ്ഗീസ് വീഡിയോയിൽ നടത്തിയിട്ടുണ്ട്.

താൻ ഒളിവിലാണെന്ന ആരോപണങ്ങളെയും വീഡിയോയിൽ എബ്രഹാം വർഗ്ഗീസ് നിഷേധിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതു മുതൽ സ്ഥലത്തുണ്ട്. മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കാനുളള തിരക്കിനിടയിലാണ് സംഭവത്തിൽ വിശദീകരണം നൽകാൻ കഴിയാതെ പോയതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

ഒന്നാം പ്രതി ഫാ.എബ്രഹാം വർഗ്ഗീസ് നാലാം പ്രതി ഫാ.ജെയ്സ് കെ. ജോർജ് എന്നിവർ വിദേശത്തേക്ക് കടക്കാനുളള സാഹചര്യം കണക്കിലെടുത്ത് ഇവരുടെ പാസ്പോർട്ടും രേഖകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിട്ടുണ്ട്. അവരുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. വൈദികർ കീഴടങ്ങണമെന്നും ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.