തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ക്കെതിരെ പൊലീസ് കേസ്. പഴയങ്ങാടി സ്വദേശി വിജേഷ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. കണ്ണൂര്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് ഞായറാഴ്ച്ചയാണ് ഫോണ്‍ കോള്‍ വന്നത്. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഇയാള്‍ പ്രവര്‍ത്തകനോട് ഫോണില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും ഉത്തരമേഖലാ ഡിജിപിക്കും പൊലീസ് മേധാവി ലോക്നാഥ് ബെഹറയ്ക്കും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സിം ഉടമയെ കണ്ടെത്തി. എന്നാല്‍ തന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ട സിം ആണ് ഇതെന്ന് സിം ഉടമയായ യുവതി മൊഴി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിജേഷ് ആണ് സിം ഉപയോഗിച്ചതെന്ന് കണ്ടെത്തി.
സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി, ഓഫീസ് സെക്രട്ടറി എന്നിവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ നേരത്തേ പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് നിലവില്‍ ഇരിക്കെയാണ് വീണ്ടും മുഖ്യമന്ത്രിക്കെതിരെ ഭീഷണി ഉയര്‍ത്തിയത്. ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ക്ക് ആര്‍എസ്എസ് ബന്ധം ഉലളതായി പൊലീസ് പറഞ്ഞു.