തിരുവന്തപുരം: ദേശീയപതാകയെ അവഹേളിച്ചുവെന്ന പരാതിയില്‍ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ ആമസോണ്‍ ഇന്ത്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് നല്‍കിയ പരാതിയിലാണ് ഒന്‍പത് മാസത്തിനുശേഷം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്തത്.
റിപ്പബ്ലിക്ക് ദിന വിപണി ലക്ഷ്യം വച്ച് ചെരുപ്പ്, ടീ ഷര്‍ട്ട്, മിഠായി കടലാസ്, ചുരിദാര്‍, സെറാമിക് കപ്പ് തുടങ്ങി വസ്തുക്കളില്‍ ദേശീയ പതാക പ്രിന്റ് ചെയ്ത് വിപണനത്തിനായി ആമസോണ്‍ പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെതിരെയാണു സ്‌ക്രീന്‍ ഷോട്ട് സഹിതം പരാതി നല്‍കിയത്.
ദേശീയ ബഹുമതികളെ അവഹേളിക്കുന്നതു തടയുന്ന 1971ലെ നിയമത്തിലെ രണ്ടാം വകുപ്പ്, ഇന്ത്യന്‍ പതാക ചട്ടം 2002ന്റെ 2.1 വകുപ്പ് (നാല്, അഞ്ച്) എന്നിവ പ്രകാരമാണു പരാതി നല്‍കിയത്.
മുഖ്യമന്ത്രി, ഡി.ജി.പി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്കു ജനുവരി 25നു നല്‍കിയ പരാതിയില്‍ നവംബര്‍ 15നാണു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ദേശീയപതാകയെ അപമാനിക്കമെന്ന ഉദ്ദേശ്യത്തോടെ വ്യാപാര ആവശ്യത്തിനുവേണ്ടി ടീ ഷര്‍ട്ട്, സെറാമിക് കപ്പ് തുടങ്ങിയവയില്‍ ആലേഖനം ചെയ്ത് വില്‍പ്പന നടത്തിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
രാജ്യത്തെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ചും ദേശീയ പതാകയെയും അതുവഴി ഇന്ത്യന്‍ ദേശീയതയേയും അപമാനിച്ചും പ്രവര്‍ത്തിക്കുന്ന വിദേശ ഓണ്‍ലൈന്‍ കമ്പനികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. വിഷയത്തില്‍ കമ്പനിക്കെതിരെ ശിക്ഷാ നടപടികള്‍ ഉറപ്പാക്കും വരെ നിയമപോരാട്ടം തുടരുമെന്നും സമിതി അറിയിച്ചു.