scorecardresearch
Latest News

ജോണ്‍സന്റെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം; ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

ലൈഫ് ഗാർഡ് ജോൺസൺ മരണപ്പെട്ട സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു

തിരുവനന്തപുരം: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ജോണ്‍സന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി ടൂറിസം മേഖലയിലാകും ജോലി നല്‍കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കഴിഞ്ഞ 21നാണ് ചെറിയതുറ സ്വദേശി ജോണ്‍സനെ കാണാതായത്. 23നാണ് മൃതദേഹം കണ്ടെത്തുന്നത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി കടലില്‍ ചാടുന്നതുകണ്ട് രക്ഷിക്കാന്‍ ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷിച്ചു കരയില്‍ എത്തിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് പാറയിൽ തലയടിച്ച് ജോണ്‍സന് ബോധം നഷ്ടമായി. തുടര്‍ന്ന് ജോണ്‍സനെ കാണാതാവുകയായിരുന്നു.

Read Also: ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും: മുഖ്യമന്ത്രി

ലൈഫ് ഗാർഡ് ജോൺസൺ മരണപ്പെട്ട സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. സ്വന്തം ജീവൻ അവഗണിച്ചാണ് മറ്റൊരാളെ രക്ഷിക്കാൻ ജോൺസൺ സാഹസികമായി ശ്രമിച്ചത്. ജോൺസന്റെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടാകും. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Financial help for life guard johnsons family