കൊച്ചി: മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് പ്രകാരമുള്ള നിയമപരമായ നിരോധനം മറികടക്കാന്‍ സാമ്പത്തിക പിന്നാക്കാവസ്ഥയോ സാമൂഹിക അപമാനത്തിനുള്ള സാധ്യതയോ ചൂണ്ടിക്കാട്ടി കോടതിയെ പ്രേരിപ്പാക്കാനാവില്ലെന്നു ഹൈക്കോടതി. വൈദ്യശാസ്ത്രപരമായ ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടിയുള്ള അവിവാഹിതയായ യുവതിയുടെ ഹര്‍ജി കോടതി തള്ളി.
കൊല്ലം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയുടെ റിട്ട് ഹര്‍ജിയാണു ജസ്റ്റിസ് വി ജി അരുണ്‍ തള്ളിയത്. ഗര്‍ഭം അവസാനിപ്പിക്കാനുള്ള അനുമതി നല്‍കുന്ന കാര്യത്തില്‍ മെഡിക്കല്‍ തെളിവുകള്‍ സ്പഷ്ടമായി എതിരാണെന്നു കോടതി ചൂണ്ടിക്കാട്ടി.
”28 ആഴ്ച നീണ്ട ഗര്‍ഭത്തില്‍ ഭ്രൂണത്തിനോ മാതാവിനോ സങ്കീര്‍ണതകളില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് വ്യക്തമായി അഭിപ്രായപ്പെടുന്നു. ഹര്‍ജിക്കാരിയെയോ ഗര്‍ഭസ്ഥശിശുവിനെയോ പരാമര്‍ശിക്കുന്ന ഏതെങ്കിലും മെഡിക്കല്‍ കാരണങ്ങളുടെ അഭാവത്തില്‍, സാമ്പത്തിക പിന്നാക്കാവസ്ഥയോ സാമൂഹികപരമമായ അപമാനത്തിനുള്ള സാധ്യതയോ ചൂണ്ടിക്കാട്ടി നിയമപരമായ നിരോധനം വിലക്ക് മറികടന്ന്, വൈദ്യശാസ്ത്രപരമായ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാന്‍ കോടതിയെ നിര്‍ബന്ധിക്കാനാവില്ല,” ജഡ്ജി പറഞ്ഞു.
തന്റെ കുടുംബം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണെന്നും വിവാഹത്തിനു മുമ്പ് ഒരു കുട്ടി ജനിക്കുന്നതു തന്റെ ഭാവിയെയും കുടുംബത്തിന്റെ അന്തസിനെയും പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിക്കാരി കോടതിയെ ബോധിപ്പിച്ചു.
പങ്കാളിയുമായി ഒരു വര്‍ഷമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നുവെന്നാണു ഹര്‍ജിക്കാരി പറയുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍നിന്നാണു ഗര്‍ഭം ധരിച്ചത്. തന്റെ മതത്തിലേക്കു മാറി തന്നെ വിവാഹം കഴിക്കാമെന്ന യുവാവിന്റെ വാഗ്ദാനം വിശ്വസിച്ചാണു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍, വാഗ്ദാനത്തിനു വിരുദ്ധമായി, സ്ത്രീധനം കിട്ടിയില്ലെങ്കില്‍ വിവാഹം കഴിക്കാന്‍ തയാറാല്ലെന്നു യുവാവ് പറഞ്ഞതായും ഹര്‍ജിയില്‍ പറയുന്നു. മദ്യപിച്ച നിലയില്‍ പങ്കാളി തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ഈ വര്‍ഷം സെപ്റ്റംബറില്‍ തന്നെ വീട്ടില്‍നിന്നു പുറത്താക്കിയതായും ഹര്‍ജിക്കാരി ആരോപിച്ചു.