കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം വീതവും വീട് നഷ്‌ടപ്പെട്ടവര്‍ക്ക് വീട് വയ്‌ക്കാനായി 10 ലക്ഷവും നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

നേരത്തെ, കാരാട്ട് റസാഖ എംഎല്‍എയ്‌ക്ക് നേരെ കൈയ്യേറ്റ ശ്രമം നടന്നിരുന്നു. കട്ടിപ്പാറ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്താനായി നടത്തിയ സര്‍വ്വകക്ഷി യോഗത്തിലാണ് എംഎല്‍എയ്‌ക്കെതിരെ കൈയ്യേറ്റ ശ്രമം നടന്നത്.

സംഘര്‍ഷത്തില്‍ പരുക്കേറ്റ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഞ്ചായത്ത് ഓഫീസില്‍ വച്ചായിരുന്നു സര്‍വകക്ഷിയോഗം നടന്നത്. സര്‍വ്വകക്ഷി യോഗത്തില്‍ തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം യുവാക്കള്‍ എംഎല്‍എയക്കെതിരെ കയര്‍ത്തതും കൈയ്യേറ്റ ശ്രമം നടത്തിയതും. യോഗത്തില്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നു.

എംഎല്‍എയും ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കെതിരെയും ഇവര്‍ പ്രതിഷേധ ശബ്‌ദമുയര്‍ത്തി. പിന്നീട് യോഗത്തിന് ശേഷം മടങ്ങുകയായിരുന്ന റസാഖിനെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ഇടപെട്ടു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും ഇന്നു കണ്ടെത്തിയിരുന്നു. ഉരുള്‍പൊട്ടലില്‍ മരിച്ച അബ്‌ദുറഹാമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് വൈകിട്ടോടെ കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍മരിച്ചവരുടെ എണ്ണം 14 ആയി. ലാന്‍ഡ് സ്‌കാനറിന്റെ സഹായത്തോടെയാണ് നഫീസയുടെ മൃതദേഹം കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ