തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ വരുമാന വർധന ലക്ഷ്യമിട്ട് ബജറ്റിൽ നികുതികളും ഫീസുകളും കൂട്ടുമെന്നാണ് സൂചന.
ക്ഷേമ പെൻഷൻ ഉയർത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിൽ ഇന്നു നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടായേക്കും. ചെലവുചുരുക്കല്‍ നടപടികള്‍ക്കും ബജറ്റിൽ സാധ്യതയുണ്ട്. കെ.എസ്.ആര്‍.ടി.സിയെ സി.എന്‍.ജി ബസുകളിലേക്ക് മാറ്റുന്നതടക്കമുള്ള പദ്ധതി നിർദേശങ്ങൾ ബജറ്റിൽ ആവര്‍ത്തിച്ചേക്കുമെന്ന സൂചനയുമുണ്ട്.
കേന്ദ്ര ബജറ്റിനെ മുഖ്യമന്ത്രിയും ധനമന്ത്രിയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് നല്‍കിയത് നിരാശയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആരോപിച്ചു. ബജറ്റ് താഴേത്തട്ടിൽ ഗുണമുണ്ടാക്കുന്നതല്ലെന്നും എയിംസ് പോലെ കേരളം ആവശ്യപ്പെട്ട കാര്യങ്ങൾ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലേക്കും കടന്നുകയറാനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ധനമന്ത്രി കൂട്ടിചേർത്തു.
അതിനിടെ, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ അവസാനിക്കും. ചർച്ചയിൽ ഇന്നു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംസാരിക്കും.