തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നം സി.എ.ജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. അത് കേരളത്തിന്റെ വികസനത്തെ എങ്ങിനെ ബാധിക്കുമെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോർട്ടിലെ വാദങ്ങൾ കേരളത്തിലെ വികസനത്തെ എങ്ങനെ ബാധിക്കും എന്ന ചോദ്യത്തിന് മറുപടി പറയാൻ യുഡിഎഫ് തയ്യാറായിട്ടില്ലെന്നും പുകമറ സൃഷ്ടിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സിഎജിയുടെ അന്തിമ റിപ്പോർട്ടിൽ കിഫ്ബിക്കെതിരെ നീക്കമുണ്ടെന്നും സംസ്ഥാന സർക്കാരിനേയും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളേയും അട്ടിമറിക്കുന്നതാണ് സിഎജി റിപ്പോർട്ട് എന്നും ധനമന്ത്രി വ്യക്തമാക്കി.
“കിഫ്ബിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചകള്‍ കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല. അതൊന്നുമല്ല വിവാദത്തിലെ കേന്ദ്രപ്രശ്‌നം. അന്തിമമാകട്ടെ കരടാകട്ടെ, അതില്‍ സിഎജി എത്തിയിരിക്കുന്ന വാദമുഖങ്ങള്‍ എന്തൊക്കെയാണ്, അത് കേരളത്തിന്റെ വികസനത്ത എങ്ങനെ ബാധിക്കും എന്നതുകൂടിയാണ്. ആ റിപ്പോര്‍ട്ടില്‍ സി.എ.ജി എടുത്തിരിക്കുന്ന നിലപാട് ഇന്ന് കേരളത്തില്‍ അങ്ങോളം ഇങ്ങോളം നിര്‍മാണം ആരംഭിച്ചിട്ടുള്ള 2000 ത്തോളം സ്‌കൂള്‍, അവിടെ വിന്യസിക്കുന്ന ഐ.ടി ഉപകരണങ്ങള്‍, നമ്മുടെ താലൂക്ക് ആശുപത്രികളുടെ പുനര്‍നിര്‍മാണം, 1000 കണക്കിന് കിലോമീറ്റര്‍ നീളം വരുന്ന റോഡുകള്‍, കെ. ഫോണ്‍, വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കഴിയുന്ന ട്രാന്‍സ്ഗ്രിഡ് ഇത്തരത്തില്‍ ഏവര്‍ക്കും വേണമെന്ന് ആഗ്രഹിക്കുന്ന കേരളം നടപ്പാവണമെന്ന് ആഗ്രഹിക്കുന്ന പദ്ധതികളെ അട്ടിമറിക്കാന്‍ ഉതകുന്നതാണ്.”
കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് വായ്പയല്ല. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നവയാണെന്ന് മന്ത്രി പറഞ്ഞു. ഈ ബാധ്യത സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയല്ല. സി.എ.ജി ഓഡിറ്റ് നടക്കുമ്പോള്‍ കിഫ്ബി എടുത്ത ആകെ വായ്പ മൂവായിരം കോടി രൂപയാണ്. അതിനേക്കാളേറെ തുക സംസ്ഥാന വിഹിതമായി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
“കിഫ്ബിയുടെ പണം സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് കൊണ്ടുവരില്ല. കൃത്യമായി ഓണ്‍ ബജറ്റ് പരിപാടിയാണ്. ഇത് പ്രത്യക്ഷ ബാധ്യതയാണ്, കിഫ്ബി എടുക്കുന്ന വായ്പ തിരിച്ചിക്കേണ്ട ബാധ്യത സര്‍ക്കാരിനാണ്. കിഫ്ബിക്ക് വരുമാനം ഇല്ല. ഇത് ഡയരക്ട് ബാധ്യത ആണ്. സി.എ.ജി ഓഡിറ്റ് നടത്തിയ സമയത്ത് കിഫ്ബി എടുത്ത ബാധ്യത 3000 കോടിയാണ്. കേരള സര്‍ക്കാര്‍ നിയമത്തില്‍ പറഞ്ഞ വ്യവസ്ഥ പ്രകാരം അതിനേക്കാള്‍ കൂടുതല്‍ പണം കൊടുത്തു. 5871 കൊടുത്തു കഴിഞ്ഞു,” തോമസ് ഐസക് പറഞ്ഞു.