ആലപ്പുഴ: സംസ്ഥാനത്ത് നാളെ മുതൽ കോഴിവില കുറച്ചില്ലെങ്കിൽ വ്യാപാരികളെ പാഠം പടിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജിഎസ്ടിയുടെ അടിസ്ഥാനത്തിൽ 14 ശതമാനം നികുതി കുറച്ചപ്പോൾ വ്യാപാരികൾ 40 ശതമാനം വില വർധിപ്പിക്കുകയാണ് ചെയ്തത് എന്നും ഇത് ഒരു വിധത്തിലും അംഗീകരിക്കാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു. വ്യാപാരികളുടെ വിലപേശലിന് സർക്കാർ വഴങ്ങില്ലെന്നും ധനമന്ത്രി പറഞ്ഞു. വിലകുറച്ചില്ലെങ്കിൽ കോഴി വ്യാപാരികൾക്ക് എതിരായ നികുതി വെട്ടിപ്പ് പരാതികളിൽ ഉടൻ നടപടി എടുക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇതിനുള്ള നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

അന്യസംസ്ഥാനങ്ങളിൽ നിന്ന് കോഴി എത്തിക്കുന്ന വ്യാപാരികളുടെ ലോബിയാണ് സംസ്ഥാനത്തെ കോഴിവില നിശ്ചയിക്കുന്നത് എന്നും. ഇവരുടെ ട്രാക്ക് റെക്കോർഡ് നികുതി വെട്ടിപ്പിന്റേത് ആണെന്നും വിലകുറച്ചില്ലെങ്കിൽ കടുത്ത പ്രത്യാഖ്യാതങ്ങൾ നേരിടേണ്ടി വരുമെന്നും ധനമന്ത്രി പറഞ്ഞു. സാധാരണക്കാരായ ഉത്പാദകർക്ക് നഷ്ടം ഉണ്ടാവുന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

കോഴിവില ഏകീകരിക്കാൻ ഇന്ന് വ്യാപാരികളും ധനമന്ത്രിയും നടത്തിയ ചർച്ച പരാജയമായിരുന്നു. ഒരു കിലോ കോഴിക്ക് 87 രൂപയ്ക്ക് രൂപ മാത്രമേ ഈടാക്കാൻ പാടുള്ളു എന്നായിരുന്നു ധനമന്ത്രിയുടെ നിർദ്ദേശം. എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്നും 100 രൂപയിൽ കുറച്ച് കച്ചകടം നടത്തുന്നത് തങ്ങൾക്ക് ഭീമമായ നഷ്ടം വരുത്തുമെന്ന് പൗൾട്രി ഫെഡറേഷൻ വക്താക്കൾ ധനമന്ത്രി ധരിപ്പിച്ചെങ്കിലും, ധനമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെ നാളെ മുതൽ കടകൾ അടച്ച് സമരം തുടങ്ങാൻ പൗൾട്രി ഫെഡറേഷൻ വക്താക്കൾ തീരുമാനിച്ചു. അനിശ്ചിത കാലത്തേക്ക് കടകൾ അടച്ചിടുമെന്ന് സംഘടന പ്രതിനിധികൾ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.